
വർക്കല: വർക്കല നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും സാധാരണക്കാരുടെ ഏക ആശ്രയമായ വർക്കല താലൂക്ക് ആശുപത്രിയിൽ കിടത്തി ചികിത്സിക്കാനുള്ള കെട്ടിടങ്ങളുണ്ടെങ്കിലും ആശുപത്രിയിൽ മതിയായ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത മൂലം സാധാരണക്കാരായ രോഗികൾ ദുരിതമനുഭവിക്കുകയാണ്. ഡയാലിസിസിനായി എത്തുന്ന രോഗികളുടെ ദുരിതത്തിന് പരിഹാരം കാണാൻ ആരോഗ്യവകുപ്പിന് കഴിയാതെ പോകുന്നതായും ആക്ഷേപമുണ്ട്.
താലൂക്ക് തലത്തിൽ പ്രവർത്തനക്ഷമമായി മാറേണ്ട ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും പ്രവർത്തനസജ്ജമാക്കിയിട്ടില്ല. ആരോഗ്യ വകുപ്പിന്റെ 2016 - 2017 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2019 ഫെബ്രുവരി 13നാണ് ഡയാലിസിസ് യൂണിറ്റിന് വേണ്ടിയുള്ള ഇരുനില കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി നിർവഹിച്ചത്.പണി പൂർത്തിയായ കെട്ടിടത്തിന്റെ പ്രവർത്തനോദ്ഘാടനം 2021 ഫെബ്രുവരി 16ന് അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ നടത്തിയത്.
എന്നാൽ പ്രവർത്തനം ആരംഭിക്കാൻ അധികൃതർക്കായിട്ടില്ല. ഇലക്ട്രിക്കൽ സംബന്ധമായ ചില ജോലികളുടെ മുടക്കം കാരണമാണ് യൂണിറ്റ് തുടങ്ങാൻ കാലതാമസമെന്ന് പറയുന്നുണ്ടെങ്കിലും തുടർപ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ടിന്റെ അപര്യാപ്തതകളും ചൂണ്ടികാട്ടുന്നു.
രോഗികളുടെ എണ്ണം കൂടുന്നു
താലൂക്കിൽ ദിനംപ്രതി ഡയാലിസിസ് രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവാണ് ഉണ്ടാകുന്നത്. ഡയാലിസിസ് വേണ്ടി വരുന്ന രോഗികൾക്ക് ചികിത്സാ ചെലവിന് പുറമേ യാത്രാ ചെലവുകളും വലിയൊരു ബാദ്ധ്യതയാണ്. പുതിയ ഡയാലിസിസ് യൂണിറ്റിന് കെട്ടിടം നിർമ്മിച്ച് 10 ഓളം ഡയാലിസിസ് മെഷീനുകൾ വാങ്ങുകയും ഒരു വർഷം മുൻപ് ഉദ്ഘാടനം നടത്തിയെങ്കിലും രോഗികൾക്ക് ഇതുകൊണ്ട് യാതൊരു പ്രയോജനവും നാളിത് വരെ ഉണ്ടായതുമില്ല. ഡയാലിസിസിനായി എത്തുന്ന രോഗികൾക്ക് മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. വർക്കല നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും വൃക്കരോഗികൾക്ക് പ്രധാന ആശ്രയം വർക്കലയിലെ ഒരു സ്വകാര്യ ആശുപത്രിയാണ്. അതുകഴിഞ്ഞാൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും സൗകര്യമുണ്ട്. അല്ലെങ്കിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ്, കൊല്ലം ജില്ലാ ആശുപത്രികളെ സമീപിക്കണം.