1

തിരുവനന്തപുരം: തലസ്ഥാന നഗരം എല്ലാ കാര്യങ്ങളിലും മുന്നിലാണെന്ന് വാദിക്കുമ്പോഴും ചില പദ്ധതികളോട് നഗസഭയ്‌ക്ക് അവഗണനയെന്ന് ആക്ഷേപം. ഹരിതനഗരം ലക്ഷ്യമിടുന്ന പച്ചത്തുരുത്ത് പദ്ധതി നഗരത്തിൽ പച്ചപിടിച്ചില്ലെന്നതാണ് യാഥാർത്ഥ്യം.
ഏറ്റവും കൂടുതൽ പച്ചത്തുരുത്തുകളുടെ ആവശ്യമുള്ള നഗരത്തിലാണ് ജില്ലയിൽ ഏറ്റവും കുറവ് പച്ചത്തുരുത്തുള്ളത്. നഗരപരിധിയിൽ സ്ഥലമുണ്ടെങ്കിലും ഫലപ്രദമായി ഉപയോഗിക്കാൻ ഭരണസമിതി ശ്രമിക്കുന്നില്ലെന്നാണ് ആരോപണം. ഏറ്റവും കൂടുതൽ ജനസാന്ദ്രത, വാഹനപ്പെരുപ്പം തുടങ്ങിയവയുള്ള നഗരത്തിൽ പല തരത്തിലുള്ള മലിനീകരണവുമുണ്ടാകുന്നുണ്ട്. വായുമലീനികരണം നിയന്ത്രിക്കുന്നതിൽ ഏറ്റവും കൂടുതൽ പങ്ക് വഹിക്കുന്ന ഒന്നാണ് പച്ചതുരുത്തുകളെന്ന് പഠനം തെളിയിച്ചുകഴിഞ്ഞു.

കൗൺസിലർമാരുടെ നിർദ്ദേശപ്രകാരം നഗരസഭ സ്ഥലം കണ്ടെത്തിയാണ് ഹരിതകേരളമിഷന് നൽകേണ്ടത്. വാർഡിൽ സംഘാടക സമിതി രൂപീകരിച്ചാണ് പദ്ധതി ആരംഭിക്കേണ്ടത്. ജില്ലയിലെ ചെറിയ പഞ്ചായത്തുകളിൽ പോലും 20ലധികം പച്ചത്തുരുത്തുകൾ സ്ഥാപിച്ചിട്ടുണ്ട്. പല വാർഡിലും കൗൺസിലർമാർ മുന്നോട്ടുവന്നെങ്കിലും നഗരസഭയുടെ വിമുഖത കാണിക്കുകയാണെന്നാണ് ആക്ഷേപം. വിനോദത്തോടൊപ്പം ജനങ്ങൾക്ക് ബോധവത്കരണം, വിജ്ഞാനം എന്നിവ ലഭിക്കുന്നതിനുള്ള സംവിധാനങ്ങൾ ഉൾപ്പെടുത്തി മാതൃകാ പച്ചത്തുരുത്ത് നഗരത്തിൽ കൂടുതൽ സ്ഥാപിക്കണമെന്നാണ് ആവശ്യം.


പച്ചത്തുരുത്ത് പദ്ധതി

---------------------------------------

ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉൾപ്പെടുത്തി സ്വാഭാവിക വനമാതൃകകൾ സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കുക എന്നതാണ് പച്ചത്തുരുത്ത് പദ്ധതി. ചെറുവനങ്ങളിലെ വൃക്ഷങ്ങൾ കാർബൺ ഡൈയോക്‌സൈഡ് ആഗീരണം ചെയ്‌ത് ദീർഘകാലം സൂക്ഷിക്കുന്ന കാർബൺ കലവറകളായി മാറും. അന്തരീക്ഷ താപനില നിയന്ത്രിക്കുന്നതും പക്ഷികളുടെയും ഷഡ്പദങ്ങളുടെയും ആവാസ വ്യവസ്ഥ സ്ഥാനങ്ങളായി ഈ ചെറുവനങ്ങളെ മാറ്റുകയാണ് ലക്ഷ്യം.

ആകെ എട്ട് പച്ചത്തുരുത്തുകൾ മാത്രം

-------------------------------------------------------

100 വാർഡുകളുള്ള നഗരസഭയിൽ കുളത്തൂർ, കണ്ണമ്മൂല, തമ്പാനൂർ, കുടപ്പനകുന്ന്, മുല്ലൂർ,വഞ്ചിയൂർ, ചാല, ഉള്ളൂർ എന്നിങ്ങനെ എട്ട് വാർഡുകളിൽ മാത്രമേ പദ്ധതി നടപ്പാക്കിയിട്ടുള്ളൂ. ഹരിതകേരള മിഷൻ അധികൃതർ പലതവണ നഗരസഭയെ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ലത്രേ. അര സെന്റ് സ്ഥലമാണ് പച്ചത്തുരുത്തിന് ഏറ്റവും കുറവ് വേണ്ടത്. നഗരപരിധിയിൽ ജനങ്ങൾ വിശ്രമിക്കാനെത്തുന്ന കനകക്കുന്ന് കൊട്ടാരവളപ്പിലും നേപ്പിയർ മ്യൂസിയം പരിസരത്തും പച്ചത്തുരുത്ത് സജ്ജമാക്കുന്നത്

പരിഗണിക്കണമെന്നാണ് ആവശ്യം.

 സ്ഥലം -67 സെന്റ്

 നട്ടത് - 20 മുതൽ 90 വൃക്ഷങ്ങൾ

നഗരസഭ പരിധിയിലെ വിസ്‌തീർണം -

214.86 ചതുരശ്ര കിലോമീറ്റർ

 ഏറ്റവും കൂടുതൽ പച്ചത്തുരുത്ത് -

കരവാരം ഗ്രാമപഞ്ചായത്തിൽ - 42