
തിരുവനന്തപുരം: എന്നും ഉച്ചയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിനു മുന്നിലും റീജിയണൽ കാൻസർ സെന്ററിനു മുന്നിലും രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഭക്ഷണപ്പൊതിയുമായി ഒരു കൂട്ടർ എത്തുന്നത് പതിവു കാഴ്ച. സന്നദ്ധ സംഘടനയോ സാമൂഹിക പ്രവർത്തകരോ ഒന്നുമല്ല.അവർ ഒരു പറ്റം വിദ്യാർത്ഥികളാണ്. ചെമ്പഴന്തി എസ്.എൻ കോളേജിലെ എൻ.എസ്.എസ് യൂണിറ്റംഗങ്ങൾ.കൊവിഡ് കാലത്തും തങ്ങളുടെ സേവനം മുടങ്ങാതിരിക്കാൻ ഇവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണപ്പൊതികളും മറ്റ് സഹപാഠികളും അദ്ധ്യാപകരും നൽകുന്ന ഭക്ഷണപ്പൊതിയുമെല്ലാം ഒന്നിച്ച് ചേർത്ത് ഉച്ചയ്ക്കു മുൻപു തന്നെ ഇവർ മെഡിക്കൽ കോളേജിനു മുന്നിലെത്തും.കൊവിഡിന്റെ മൂന്നാം തരംഗം അതിരൂക്ഷമാകുമ്പോഴും തങ്ങളുടെ ഇൗ കുഞ്ഞ് സഹായം മുടങ്ങാതിരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറും വോളന്റിയർമാരും. നന്മയുടെ പക്ഷത്തു നിന്ന് കാരുണ്യത്തിന്റെ കാവലാളാവുന്ന എൻ.എസ്.എസ് വോളന്റിയർമാർ കലാലയത്തിന് അഭിമാനമാണെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.അനിൽകുമാർ പറഞ്ഞു. ഭക്ഷണപ്പൊതി വിതരണത്തിന് പ്രോഗ്രാം ഓഫീസർമാരായ ടി. അഭിലാഷ്, ഡോ.എസ്.ആർ.സരിത,എസ്. വിഷ്ണു,എസ്.ബി അഭിറാം,എസ്.ബി ഗൗരിനന്ദന,സംഗീത എസ്. കുമാർ, അഭിഷേക് റെജി തുടങ്ങിയവർ നേതൃത്വം നൽകി.