
അമേരിക്കൻ പ്രസിഡന്റ് ഒബാമയുടെ ഇന്ത്യാ സന്ദർശനത്തോടനുബന്ധിച്ച് രാഷ്ട്രപതിഭവനിലെ വിരുന്ന് പുരോഗമിക്കുകയാണ്. അതിനിടയിലാണ് ക്ഷണിക്കപ്പെടാത്ത ഒരതിഥി അനുവാദത്തിനായി കാത്തുനില്ക്കാതെ വിരുന്ന് നടക്കുന്നിടത്തേക്ക് കയറിവന്നത്. അവിടെയുള്ള കുതിരപ്പടയെ കണ്ട് പേടിച്ച ഈ അതിഥി രാഷ്ട്രപതി ഭവന്റെ പടവുകളിലേക്ക് ഓടിക്കയറി. ടെലിവിഷൻ കാമറകൾ ഈ ദൃശ്യങ്ങൾ ചൂടോടെ ലൈവായി ലോകം മുഴുവൻ സംപ്രേഷണം ചെയ്തുകൊണ്ടിരുന്നു. ഇത്രയധികം സുരക്ഷാക്രമീകരണങ്ങളുണ്ടായിട്ടും ആർക്കും പെട്ടെന്ന് ഒന്നും ചെയ്യാനായില്ല. ഓടിച്ചിട്ടു പിടിക്കാമെന്നുവച്ചാൽ അതാവും പ്രധാന വാർത്ത! ക്ഷണിക്കപ്പെടാത്ത അതിഥിയായി ഓടിക്കയറിവന്നത് ദില്ലിയിലെ ഒരു തെരുവുനായയായിരുന്നു! തുടർന്നുള്ള വർഷങ്ങളിൽ പ്രധാന പരിപാടികൾ നടക്കുമ്പോൾ എല്ലാ തെരുവുനായകൾക്കുമായി അകത്തൊരു മൂലയിൽ ഒരു പ്രത്യേക വിരുന്നു കൂടി സംഘടിപ്പിക്കപ്പെട്ടു തുടങ്ങി!
ഉത്സവപ്പറമ്പിൽ കച്ചറയുണ്ടാക്കുന്നവന് ബാഡ്‌ജ് കൊടുത്ത് വാളന്റിയറാക്കുന്ന അതേ നയതന്ത്രജ്ഞതയാണ് ഇവിടെയും പ്രവർത്തിച്ചത്. ഈ ബുദ്ധി വിശാലമായ അർത്ഥത്തിൽ ഓർഡിനൻസായി ഉപയോഗപ്പെടുത്താവുന്ന സംസ്ഥാനമായിരിക്കുന്നു കേരളം. അലമ്പുണ്ടാക്കുന്നവർക്ക് അധികാരത്തിന്റെയും അഴിമതിയുടെയും പങ്കുകൊടുത്ത് ഒതുക്കുന്നതാണ് ബുദ്ധി.
ഭരിക്കുന്നവരുടെ അഴിമതിയിൽ പ്രതിപക്ഷത്തിന് അസൂയ സ്വാഭാവികം മാത്രം. ശർക്കരക്കുടത്തിൽ കൈയിട്ട് നടക്കുന്നതിനിടയിൽ കട്ടുറുമ്പ് കടിക്കുന്നത് സുഖകരമല്ല. ലോകായുക്തയെ മാത്രമല്ല കോടതിയേയും പ്രതിപക്ഷത്തേയും നിലയ്ക്കുനിറുത്താനുള്ള ഓർഡിനൻസുകൾകൂടി ഉടനെ ഒന്നൊന്നായി ചുട്ടെടുക്കണം. കൊവിഡുകാലമായതുകൊണ്ട് കണ്ണടച്ച് പാലുകുടിക്കാം. എന്തും ഓൺലൈനിൽ നടത്തിയെടുക്കാം. പുരകത്തുമ്പോൾ വാഴ വെട്ടണം. തരം കിട്ടിയാൽ കഴുക്കോലും ഉൗരണം. ആക്രാന്തമരുത്. കിട്ടുന്നതിൽ പങ്ക് ശല്യക്കാർക്ക് എറിഞ്ഞുകൊടുത്തേക്കണം. നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങുമെന്നോർക്കണം. അഴിമതിയാവാം. കുറച്ചുകൂടി ജനാധിപത്യവല്ക്കരിക്കണമെന്നുമാത്രം. വാർഡുമെമ്പർക്കും ബ്രാഞ്ചുകമ്മിറ്റിക്കും എന്തെങ്കിലും തടയുംവിധം പുനഃക്രമീകരിക്കണം. ഒരുപങ്കു റേഷൻകട വഴി കിറ്റായി കൊടുക്കുന്നതും ഫലം ചെയ്യും. എല്ലാ പാർട്ടിക്കാരും സമ്മേളനങ്ങളും തിരുവാതിരയും നടത്തട്ടെ. ബാക്കിയെല്ലാം അടച്ചു ഭദ്രമാക്കുക. കൊവിഡ് വന്ന വഴി പൊയ്‌ക്കൊള്ളും. മുഖ്യമന്ത്രി ഓൺലൈനിലുണ്ടെന്നോർമ്മവേണം.
രാഷ്ട്രപതിഭവനിലെ ആഘോഷവേളകളിലെ തന്ത്രം പിന്തുടരാവുന്നതേയുള്ളൂ. അധികാരത്തിന്റെ അന്തപുരങ്ങളിൽ നിന്നു അകന്നൊരു മൂലയിൽ ശല്യക്കാർക്കായി ഒരു വിരുന്നുകൂടി ഏർപ്പാടാക്കാൻ മറക്കേണ്ട!