wetland

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ തണ്ണീർത്തടങ്ങളുടെ അതിർത്തി നിശ്ചയിച്ച് , അവയുടെ സംരക്ഷണം ഉറപ്പാക്കി വിജ്ഞാപനം ചെയ്യാനുള്ള നടപടികൾ മന്ദഗതിയിൽ. 2020-ൽ ഇതിനുള്ള പ്രവർത്തനം തുടങ്ങിയെങ്കിലും കൊവിഡ് വ്യാപനം അടക്കമുള്ള കാരണങ്ങളാൽ പുരോഗതി ഉണ്ടായില്ല.

കേരളാ സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൻവയൺമെന്റ് സെന്റർ (കെ.എസ്.ആർ.ഇ.സി) തയ്യാറാക്കി മുഖ്യമന്ത്രി ചെയർമാനായ കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിക്ക് സമർപ്പിച്ച കരടിന്റെ അടിസ്ഥാനത്തിൽ 2.25 ഹെക്റ്ററിന് മുകളിലുള്ള ജലാശയങ്ങളെയാണ് ഈ ഗണത്തിൽ പരിഗണിക്കുന്നത്. വിജ്ഞാപനം ഇറങ്ങുന്നതോടെ ചേർന്നുകിടക്കുന്ന സ്ഥലങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ വരും. ശുദ്ധജല തടാകങ്ങളാണെങ്കിൽ 50 മീറ്റർ പരിധിയിൽ നിർമ്മാണം അനുവദിക്കില്ല. അല്ലാതുള്ള ജലാശയങ്ങളാണെങ്കിൽ കോസ്റ്റൽ റെഗുലേഷൻ സോൺ(സി.ആർ.ഇസഡ്) വിജ്ഞാപന പ്രകാരമേ നിർമ്മാണ അനുമതി കിട്ടൂ.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും റവന്യുവകുപ്പ് അധികൃതരുടെയും സംയുക്താഭിമുഖ്യത്തിൽ ജില്ലകളിൽ നടക്കുന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റിപ്പോർട്ട് തണ്ണീർത്തട അതോറിറ്റി പരിശോധിച്ച് ഭേദഗതി വരുത്തിയശേഷം ഗസറ്റിൽ പ്രസിദ്ധീകരിക്കും.

 തണ്ണീർത്തടങ്ങൾ

സ്ഥിരമോ, താത്കാലികമോ, ഒഴുകുന്നതോ, കെട്ടിക്കിടക്കുന്നതോ, പ്രകൃതിജന്യമോ ആയതും ശുദ്ധജലമോ, ഉപ്പുജലമോ ഉള്ളതും വേലിയിറക്കസമയത്ത് 6 മീറ്ററിലധികം ആഴമില്ലാത്തതുമായ എല്ലാത്തരം ജലാശയങ്ങളും തണ്ണീർത്തടമാണ്.

 ഫെബ്രു.2ലെ റാംസർ ഉടമ്പടി

എല്ലാ വർഷവും ഫെബ്രുവരി രണ്ട് ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്നു. യുനെസ്കോയുടെ ആഭിമുഖ്യത്തിൽ 1971 ഫെബ്രുവരി രണ്ടിന് ഇറാനിലെ കാസ്പിയൻ കടൽത്തീരത്തിലെ റാംസർ നഗരത്തിലാണ് ഇന്ത്യ ഉൾപ്പെടെ 171 രാജ്യങ്ങൾ ലോക തണ്ണീർത്തട ഉടമ്പടി ഒപ്പുവച്ചത്. ഇതിന്റെ ഓർമ്മ നിലനിറുത്താനും തണ്ണീർത്തടങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവബോധമുണ്ടാക്കാനുമാണ് 1997 ഫെബ്രുവരി 2 മുതൽ ആഗോളതലത്തിൽ തണ്ണീർത്തടദിനം ആചരിക്കുന്നത്. ഇന്ത്യയിലെ 42 തണ്ണീർത്തടങ്ങളെ റാംസർ സൈറ്റുകളായി അംഗീകരിച്ചിട്ടുണ്ട്.

കേരളത്തിൽ 3 റാംസർ സൈറ്റ്

 വേമ്പനാട് കായൽ

 അഷ്ടമുടി കായൽ

 ശാസ്താംകോട്ട കായൽ