ആറ്റിങ്ങൽ: ഓൺലൈൻ പഠന കാലഘട്ടത്തിൽ കുട്ടികളുടെ സുരക്ഷയ്ക്ക് മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി കേരള പൊലീസിന്റെ ഡിജിറ്റൽ സേഫ് പദ്ധതി ആദ്യഘട്ട പരിശീലനം തിരുവനന്തപുരം ജില്ലയിൽ പൂർത്തിയായി. യുണിസെഫിന്റെ സഹകരണത്തോടെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, ചിൽഡ്രൺ ആൻഡ് പൊലീസ് എന്നീ പ്രോജക്ടുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.

ഓൺലൈൻ ക്ലാസുകൾ സജീവമായതോടെ കഴിഞ്ഞ ഒരു വർഷം നിരവധി കുട്ടികളാണ് വിവിധ സൈബർ കെണികളിൽ അകപ്പെട്ടത്. രക്ഷിതാക്കൾക്ക് ഇതുസംബന്ധിച്ച അവബോധം നല്കാനാണ് ഡിജിറ്റൽ സേഫ് പദ്ധതി ആവിഷ്കരിച്ചത്. ഡിജിറ്റൽ മേഖലയിൽ കുട്ടികളെ വലവീശാൻ സാദ്ധ്യതയുള്ള 11 വിഷയങ്ങൾ തരം തിരിച്ചാണ് പഠനം നടന്നത്.

ഡി സേഫ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 1500 രക്ഷിതാക്കൾക്ക് അഞ്ച് ഘട്ടങ്ങളിലായി പരിശീലനം നൽകി. ഡിജിറ്റൽ ഉപകരണങ്ങൾ വിദ്യാർത്ഥികൾ ഉപയോഗിക്കുമ്പോൾ എപ്രകാരം അവയെ സുരക്ഷിതമാക്കാം എന്നതിന്റെ സാങ്കേതികവശങ്ങൾ, സൈബർ പ്രശ്നങ്ങളിൽ അകപ്പെടുന്ന കുട്ടികളുടെ മനശാസ്ത്രപരമായി എങ്ങനെ സമീപിക്കണം, അവരുടെ നിയമവശങ്ങൾ എന്നിങ്ങനെയുള്ള അറിവുകൾ മാതാപിതാക്കൾക്ക് പരിശീലനത്തിലൂടെ നൽകി. ജില്ലയിലെ മുഴുവൻ രക്ഷിതാക്കൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കത്തക്കവിധം തുടർ പരിശീലനങ്ങളും ഉണ്ടാകും.

കുട്ടികളെ കെണിയിലാക്കി

ഓൺലൈൻ ക്ലാസുകൾ വന്നതോടെ സമൂഹമാദ്ധ്യമങ്ങളിൽ കുട്ടികൾ പലരും സജീവമാണ്. ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള അക്കൗണ്ടുകൾ കുട്ടികൾ സ്വന്തമാക്കിയിട്ടുണ്ട്. ഇവയിലൂടെയെല്ലാം കുട്ടികളെ വലയിൽ വീഴ്ത്തുന്ന സംഘങ്ങളും സജീവമായി.

രക്ഷിതാക്കൾ സൂക്ഷിക്കാൻ

ഇ - മെയിൽ, സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ എന്നിവയുടെ സുരക്ഷിതത്വം പൂർണമായി ഉറപ്പാക്കണമെന്നും പലപ്പോഴും രക്ഷിതാക്കളുടെ അക്കൗണ്ടുകളാണ് ദുരുപയോഗം ചെയ്യപ്പെടുന്നതെന്നും പൊലീസ് പറഞ്ഞു. മാതാപിതാക്കളുടെ ഫോൺ ഉപയോഗിക്കുന്ന കുട്ടികൾ അതിലൂടെ നടത്തുന്ന സൈബർ കുറ്റകൃത്യങ്ങളിൽ പലപ്പോഴും രക്ഷിതാക്കൾ പ്രതികളായി മാറുന്നുണ്ട്.

ആദ്യഘട്ട പരിശീലനം പൂർത്തിയാക്കി

ആദ്യഘട്ട പരിശീലനം പൂർത്തിയാക്കിയതിന്റെ പ്രഖ്യാപനം തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ.ദിവ്യ വി. ഗോപിനാഥ് നടത്തി. എക്സൈസ് വിജിലൻസ് എസ്.പി കെ. മുഹമ്മദ് ഷാഫി, തിരുവനന്തപുരം റൂറൽ ജില്ലാ അഡി. എസ്.പി ഇ.എസ്. ബിജുമോൻ, എസ്.പി.സി തിരുവനന്തപുരം റൂറൽ ജില്ലാ നോഡൽ ഓഫീസർ രാസിത് വി.ടി, അസി. ജില്ലാ നോഡൽ ഓഫീസർ ടി.എസ്. അനിൽകുമാർ, ഡിസേഫ് പദ്ധതിയുടെ കോ - ഓർഡിനേറ്റർ റിമ ജോസഫ് എന്നിവർ സംബന്ധിച്ചു. എസ്.പി.സിയുടെ കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരും കേരള പൊലീസ് അക്കാഡമിയിൽ പരിശീലനം നേടിയ മാസ്റ്റർ ട്രെയിനർമാരുമായ എൻ. സാബു (ഗവ. ഹൈസ്കൂൾ, അവനവഞ്ചേരി), കെ.അൻവർ (ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ, വിതുര) സൗദീഷ് തമ്പി (ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ആനാവൂർ) എന്നിവരാണ് ക്ലാസുകൾ നയിച്ചത്.