പാലോട്: ഫെബ്രുവരി തുടക്കമായിട്ടും ചക്കകൾക്ക് കടുത്ത ക്ഷാമം.കൊവിഡ് കാലത്ത് ഗ്രാമീണ മേഖലയിലെ തീൻമേശയിൽ വിഭവങ്ങളായ് നിറഞ്ഞത് ചക്കയായിരുന്നു. ചക്ക പുഴുക്ക്, ഇടിച്ചക്ക തോരൻ, എരിശ്ശേരി, തുടങ്ങി ചക്ക പായസം വരെ യുള്ള വിഭവങ്ങൾ ഇന്ന് കണികാണാനേ ഇല്ല. ചക്ക സീസണായിട്ടും നാട്ടിൻ പുറങ്ങളിലെ പ്ലാവുകളിൽ വേണ്ടത്ര ചക്കകളകൾ ഇല്ല. ജൂൺ മുതൽ നവംബർ വരെ തോരാതെ പെയ്ത മഴയാണ് ചക്കയെ പ്രതികൂലമായ് ബാധിച്ചത്. കാലാവസ്ഥയിൽ വന്ന മാറ്റമാണ് ചക്ക വിളവിന് തിരിച്ചടിയായത്. വരിക്കചക്കയ്ക്ക് 80 രൂപ മുതൽ 120 രൂപ വരെയാണ് നിലവിലെ വില. കഴിഞ്ഞവർഷം 20 മുതൽ 40 വരെയായിരുന്നു വില. കഴിഞ്ഞവർഷം തമിഴ്നാട്ടിൽ നിന്നുള്ള വ്യാപാരികൾ ലോഡുകണക്കിന് ചക്കയാണ് സീസണിൽ വിലക്ക് വാങ്ങി കൊണ്ടുപോയത്. എന്നാൽ ഈ സീസണിൽ ഇങ്ങനെയുള്ള സംഘങ്ങളെ കാണാൻ പോലും കിട്ടുന്നില്ല.
മുൻപ് സീസണിൽ ദിനം പ്രതി ലോഡ്കണക്കിന് ചക്കയാണ് അയൽ സംസ്ഥാനങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്നത്. തുടക്കത്തിൽ കിലോയ്ക്ക് 20 രൂപ നിരക്കിൽ ഒരു ചക്കയ്ക്ക് ശരാശരി 200 രൂപവരെ ലഭിക്കും. നാടൻ പ്ലാവിൽ നിന്ന് കുറഞ്ഞത് പത്ത് ചക്ക ഉറപ്പാണ്. പ്ലാവിന്റെ ഇനവും മണ്ണിന്റെ പ്രത്യേകതയും അനുസരിച്ച് വിളവിൽ മാറ്റമുണ്ടാകും. അയൽ സംസ്ഥാനമായ തമിഴ്നാടാണ് പഴുത്ത ചക്കയുടെ പ്രധാന കമ്പോളം. മഡ്രാസ്, കോയമ്പത്തൂർ, മധുര എന്നിവിടങ്ങളിലാണ് ചക്കയുടെ മൊത്ത വ്യാപാരം. മുംബയ്, കൊൽക്കത്ത, ഡൽഹി, യു.പി എന്നിവിടങ്ങളിലും പച്ചച്ചക്കയ്ക്കും പഴുത്തതിനും വൻഡിമാന്റാണ്. എന്നാൽലോക്ക് ഡൗണിൽ കയറ്റുമതി പൂർണമായും ഇല്ലാതായി.