kovalam

കോവളം: തന്റെ ജീവിതത്തിൽ ഏറെ പ്രതീക്ഷകൾ കാത്തുസൂക്ഷിച്ച മഹാഭാരതത്തിലെ ഭഗവാന്റെ വിശ്വരൂപം കോവളത്തുകാരനായ സുരേഷിന് മടക്കിലഭിച്ച സന്തോഷത്തിലാണ്. മോൻസൻ മാവുങ്കലിന് നൽകിയ വിശ്വരൂപം കോടതി ഉത്തരവ് പ്രകാരം ഇന്നലെ വൈകിട്ട് ശില്പം വിട്ടു കിട്ടിയതോടെയാണ് അഞ്ച് മാസത്തെ സംഭവവികാസങ്ങൾക്ക് തിരശ്ശീല വീണത്. വിദേശത്തു നിന്ന് പതിനഞ്ച് വർഷം മുൻപ് തലസ്ഥാനത്ത് എത്തിയ സുരേഷ് കരകൗശലരംഗത്ത് സജീവമായി. കോവളത്ത് ഭാര്യാവീട്ടിൽ ഒരു വർക്ക് ഷോപ്പും തുടങ്ങി. 2014 ജനുവരിയിൽ ശില്പത്തിന്റെ നിർമ്മാണം ആരംഭിച്ചു. രണ്ട് വർഷം കൊണ്ട് കുമ്പിൽ തടിയിൽ തീർത്ത ശില്പത്തിന്റെ നിർമ്മാണം പൂർത്തിയാക്കി. പക്ഷേ നിർമ്മാണം പൂർത്തിയായപ്പോൾ ഇടിത്തീപോലെയായിരുന്നു 2016ൽ നോട്ടു നിരോധനം. ഇതോടെ ശില്പം വാങ്ങാൻ ആഗ്രഹിച്ച പലരും പിൻമാറി. എന്നാലും സുരേഷ് തന്റെ പ്രതീക്ഷകൾ വെടിഞ്ഞില്ല. ഓൺലൈൻ വഴിയും പല സുഹൃത്ത് ബന്ധങ്ങൾ വഴിയും വിശ്വരൂപം വിൽക്കുന്നതിനായി പല വഴികളും നോക്കി. പക്ഷേ ഒന്നും നടന്നില്ല. അങ്ങനെയിരിക്കെയാണ് ഒരു നാൾ തന്റെ ഫോണിലൂടെ ഒരാൾ വിളിച്ച് ശില്പം വേണമെന്നും ഇത് കാണാൻ തന്റെ ബോസ് വിളിക്കുമെന്നും അറിയിച്ചത്. എന്നാൽ വിലയോ മറ്റൊന്നും പറഞ്ഞില്ല. തന്റെ കലൂരിലെ വീട്ടിലെ മ്യൂസിയത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. അങ്ങനെ സുരേഷ് കലൂരിലെ വീട്ടിൽ എത്തി മോൻസന്റെ വീട് കണ്ടു. ശില്പം ഉടൻ വിൽപ്പന നടത്തി പണം തരാമെന്ന് സമ്മതിച്ചു. പക്ഷേ ഇതിനിടയിൽ സുരേഷ് പലവട്ടം ആലുവായിൽ എത്തിയെങ്കിലും തന്റെ ശില്പത്തിന്റെ പണം കിട്ടിയില്ല. കോടികൾ വിലമതിക്കുന്ന അപൂർവ്വ വസ്തുക്കൾ ഉൾപ്പെടെയുള്ളവ എന്റെ പക്കലുണ്ടെന്നും മോൻസൺ പറഞ്ഞു. എന്നാൽ അധികം വൈകാതെ മോൻസന്റെ തട്ടിപ്പുകഥകൾ ലോകം അറിയുകയും അന്ന് വിശ്വരൂപം കണ്ടുകെട്ടി പെലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.