gandhi

പാറശാല: രക്തസാക്ഷി ദിനത്തിൽ ലോകമെമ്പാടും ഗാന്ധിജിയെ അനുസ്മരിക്കുമ്പോൾ ഗാന്ധിയൻ ദർശനങ്ങൾ ഉൾക്കൊള്ളുന്ന പഠനഗ്രന്ഥം പ്രകാശിപ്പിക്കാനൊരുങ്ങി പാറശാല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകൾ. ഒക്ടോബർ 2ന് ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രബന്ധ രചനാമത്സരത്തിൽ നിന്ന് തിരഞ്ഞെടുത്ത ഇരുപത് പ്രബന്ധങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ' ഗാന്ധി - അന്നും എന്നും ' എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് സി.പി.ഒ യും മലയാളം അദ്ധ്യാപകനുമായ ഡോ. രമേഷ് കുമാറാണ്. ഗാന്ധി ദർശനങ്ങൾ, ഗാന്ധിയുടെ രചനകൾ, ഗാന്ധിയെ സംബന്ധിച്ച കൃതികൾ തുടങ്ങിയവയാണ് പഠന വിഷയങ്ങൾ. 120 പുറങ്ങളുള്ള പുസ്തകത്തിൽ കവി സുമേഷ് കൃഷ്ണന്റെ ആമുഖ പഠനവുമുണ്ട്. രക്തസാക്ഷി ദിനത്തിൽ പ്രകാശനത്തിനായി നിശ്ചയിരുന്നുവെങ്കിലും കൊവിഡ് നിയന്ത്രണങ്ങൾ ഒഴിവാകുന്നതോടെ തന്നെ പുസ്തകം പുറത്തിറക്കുമെന്ന് പ്രിൻസിപ്പൽ രാജദാസ്, ഹെഡ്മിസ്ട്രസ് പുഷ്പാബായി, എ.സി.പി.ഒ രമയും എന്നിവർ സംയുക്തമായി അറിയിച്ചു.