ajith

 ഒരാൾക്ക് പരിക്ക്  അപകടം വാക്കുതർക്കത്തിന് പിന്നാലെ

കല്ലമ്പലം: മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തിന് പിന്നാലെ സുഹൃത്ത് ഓടിച്ച പിക്കപ്പ് വാൻ ഇടിച്ച് യുവാവ് മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മുള്ളറംകോട് അജീഷ് ഭവനിൽ അജിത്താണ് (29) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മാവിന്മൂട് അമ്പിളി ഭവനിൽ പ്രമോദിനെ (33) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പിക്കപ്പ് വാൻ ഡ്രൈവറായ ഇരുവരുടെയും സുഹൃത്ത് കടുവയിൽപ്പള്ളി ചാങ്ങാട് സ്വദേശി സജീവ്‌കുമാറിനെയാണ് കല്ലമ്പലം പൊലീസ് അറസ്റ്റുചെയ്‌തത്. കഴിഞ്ഞദിവസം പുലർച്ചെ 1.30ഓടെയാണ് സംഭവം.

പൊലീസ് പറയുന്നത്: മുള്ളറംകോട് ഗണപതി ക്ഷേത്രത്തിന് സമീപത്തെ ഇടറോഡിൽവച്ച് അജിത്ത്, പ്രമോദ്, സജീവ്‌കുമാർ എന്നിവരടങ്ങിയ എട്ടംഗസംഘം മദ്യപിക്കുന്നതിനിടെ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. ഇതിനുശേഷം റോഡരികിൽ പാർക്ക് ചെയ്‌തിരുന്ന പിക്കപ്പ്‌വാൻ സജീവ്കുമാർ ഓടിച്ച് അജിത്തിനെയും പ്രമോദിനെയും ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കുഴഞ്ഞുവീണ രണ്ടുപേരെയും കൂട്ടുകാർ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അജിത്ത് ചികിത്സയിലിരിക്കെ മരിച്ചു. ഇയാൾ അവിവാഹിതനാണ്. സ്വാഭാവിക അപകടമാണോ മനപൂർവം വാഹനമിടിച്ചതാണോ എന്നീ കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. ഫോറൻസിക് സംഘം, വിരലടയാള വിദഗ്ദ്ധർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംഭവ സ്ഥലത്തെത്തി തെളിവെടുത്തു.