പാറശാല: നെയ്യാറ്റിൻകര താലൂക്കിലെ വിദ്യാഭ്യാസ തലസ്ഥാനമെന്നറിയപ്പെടുന്ന ധനുവച്ചപുരത്ത് പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ധനുവച്ചപുരം ഗവ.ഐ.ടി.ഐ, എൻ.എസ്.എസ് ആർട്സ് ആൻഡ് കോളേജ്, ഐ.എച്ച്.ആർ.ഡി.കോളേജ് തുടങ്ങിയ സാങ്കേതിക ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും എൻ.കെ.എം ഹൈസ്‌കൂൾ, എൻ.കെ.എം ഹയർ സെക്കൻഡറി സ്‌കൂൾ, ഗവ.ഗേൾസ് ഹൈസ്‌കൂൾ, എൻ.എസ്.എസ് ഹൈസ്‌കൂൾ തുടങ്ങിയ സർക്കാർ, എയ്ഡഡ് സ്‌കൂളുകളും മറ്റ് പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന ഇവിടം കഴിഞ്ഞ കുറച്ചുനാളുകളായി ലഹരി മാഫിയകളുടെയും ഗുണ്ടകളുടെയും പ്രധാന കേന്ദ്രമായി മാറിയിരിക്കുകയാണ്. പ്രദേശത്തെ അക്രമ പ്രവർത്തനങ്ങൾക്കും സാമൂഹ്യവിരുദ്ധ പ്രവർത്തങ്ങൾക്കുമുള്ള പ്രധാന കാരണമായി പറയപ്പെടുന്നതും ഇവിടത്തെ ലഹരി വിപണനം തന്നെയാണ്. അതുകൊണ്ടുതന്നെ ഈ പ്രശ്നങ്ങൾക്ക് തടയിടുന്നതിനും ഇവിടെ പഠിക്കാനെത്തുന്ന വിദ്യാർത്ഥികളുടെ ഭാവിക്കും സുരക്ഷയ്ക്കും വേണ്ടി എത്രയും വേഗം പ്രദേശത്ത് പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും ആവശ്യം.
പിടിവിടാതെ ലഹരി
ആൺകുട്ടികളും പെൺകുട്ടികളും പലപ്പോഴും ലഹരിമാഫിയകളുടെ പിടിയിലാകുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ഇക്കാര്യം അറിയാവുന്ന അദ്ധ്യാപകർക്ക് പോലും പലപ്പോഴും ഇവരെ നിയന്ത്രിക്കാൻ കഴിയാതെവരുന്നു. താലൂക്കിന്റെ വിദ്യാഭ്യാസ തലസ്ഥാനമെന്ന് അറിയപ്പെടുന്ന ഗ്രാമം ഇന്ന് ലഹരി കൈയടക്കിയിരിക്കുകയാണ്. ഗുണ്ടാ ആക്രമണം, ബോംബ് സ്പോടനം, വ്യാജ മദ്യ ലഹരി വസ്തുക്കളുടെ വിപണനം എന്നിവകൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഇവിടത്തെ അദ്ധ്യാപകരും രക്ഷിതാക്കളും.