
നെയ്യാറ്റിൻകര: ബസിലെ യാത്രക്കാരായ സ്കൂൾ വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾ മാതൃകയാകുന്നു. ആറാലുംമൂട് വേകാനന്ദ മെമ്മോറിയൽ പബ്ലിക് സ്കൂൾ വിദ്യാർത്ഥി കൂട്ടായ്മയായ "നന്മ ക്ലബിന്റെ " പ്രവർത്തനങ്ങളാണ് ശ്രദ്ധ പിടിച്ച് പറ്റുന്നത്. കൺസെക്‌ഷൻ എടുക്കാനായി നെയ്യാറ്റിൻകര ഡിപ്പോയിൽ എത്തിയ വിദ്യാർത്ഥികൾക്കാണ്, ബസുകളിൽ കയറാനായി വയോജനങ്ങളും ഗർഭിണികളുമടക്കമുള്ള അവശരായ യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ നേരിട്ട് മനസിലായത്. ഡിപ്പോയിൽ വീൽ ചെയറിന്റെ അഭാവം ഉള്ളതായി ബോധ്യപ്പെട്ട കുട്ടികൾ തുടർന്ന് തങ്ങളുടെ ലഘു സമ്പാദ്യം ഉപയോഗിച്ച് നന്മ ക്ലബിന്റെ നേതൃത്വത്തിൽ വീൽ ചെയർ വാങ്ങി ഡിപ്പോയ്ക്ക് സമ്മാനിക്കാൻ തീരുമാനിച്ചത്. തുടർന്ന് വിവരം പ്രിൻസിപ്പൽ മരിയ ജോ ജഗദീഷ് നെയ്യാറ്റിൻകര എ.ടി.ഒയെ അറിയിക്കുകയായിരുന്നു. എ.ടി.ഒ സ്കൂളിൽ നേരിട്ട് എത്തി വീൽചെയർ കൈപ്പറ്റി. നന്മ ക്ലബ് ഭാരവാഹികളായ നിതിൻ, പത്മശ്രീ എന്നിവർ ചേർന്ന് കെ.എസ്.ആർ.ടി.സി യൂണിറ്റ് ഓഫീസർ എസ്.മുഹമ്മദ് ബഷീറിന് വീൽചെയർ കൈമാറി. വിവേകാനന്ദ സ്കൂൾ ഡയറക്ടർ ഷീജ.എൻ, പ്രിൻസിപ്പൽ മരിയ ജോ ജഗദീഷ്, ക്ലബ് കോ - ഓർഡിനേറ്റർ ലത ജൂബി, സർജന്റ് ശശിഭൂഷൺ, എൻ.കെ. രഞ്ജിത്ത്, എൻ.എസ്. വിനോദ്, എം. ഗോപകുമാർ, ജി.ജിജോ തുടങ്ങിയവർ പങ്കെടുത്തു. നന്മ ക്ലബിലെ വിദ്യാർത്ഥികളെ കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ അഭിനന്ദിച്ചു.