photo

പാലോട്: നെടുമങ്ങാട് മുതൽ മടത്തറ വരെ പ്രധാന കവലകളിലും റോഡരികുകളിലും പൊതു ഇടങ്ങളിലും പൊലീസ് പിടികൂടിയതും ഉപേക്ഷിക്കപ്പെട്ടതുമായ വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു. മാസങ്ങൾക്ക് മുൻപ് ഇത്തരം വാഹനങ്ങൾ പാതയോരത്ത് നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഉടമകൾക്കും വർക്ക്ഷോപ്പുകൾക്കും ട്രാഫിക് പൊലീസ് നോട്ടീസ് നൽകിയിരുന്നു.

എന്നാൽ ഒരു നടപടിയും നാളിത് വരെ ഉണ്ടായിട്ടില്ല. നിരത്തുകളിലേറെയും കാറുകളും, ബൈക്കുകളുമാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 641 വാഹനങ്ങളാണ്. പാതയോരത്ത് ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ പൊലീസിനോ, റവന്യൂ ഉദ്യോഗസ്ഥർക്കോ പിടിച്ചെടുക്കാം. ഈ വിവരം ആർ.ഡി.ഒ ഗസ്റ്റിൽ പ്രസിദ്ധീകരിക്കണം. വിജ്ഞാപനത്തിന് ശേഷം ഉടമകൾ എത്തിയില്ലെങ്കിൽ അവ ലേലം ചെയ്ത് വിൽക്കാൻ കഴിയും.

നിലവിൽ ഒട്ടേറെ വാഹനങ്ങൾ റോഡരികുകളിലും പൊതു സ്ഥലങ്ങളിലും ജീർണിച്ച് തുരുമ്പെടുത്ത് നശിക്കുന്നുണ്ട്. റോഡ് നവീകരണ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഈ വാഹനങ്ങൾ എടുത്തു മാറ്റാൻ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിച്ചത്.