
ആറ്റിങ്ങൽ: മുദാക്കൽ ഗ്രാമത്തിന്റെ കായിക സമഗ്രപുരോഗതിക്ക് ഉതകുന്ന ഒരു സ്റ്റേഡിയം അനാഥമായി കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഗ്രാമപഞ്ചായത്തിന് ആകെയുള്ള വിസ്തൃതമായ കോളൂർ സ്റ്റേഡിയത്തിനാണ് ഈ അവസ്ഥ. സ്റ്റേഡിയം കുറേകാലമായി സാമൂഹ്യ വിരുദ്ധരുടെ താവളമായിരുന്നത് അടുത്തിടെയാണ് നാട്ടുകാരുടെ ശ്രമഫലമായി മാറ്റിയെടുത്തത്. സ്റ്റേഡിയത്തോട് അധികൃതർ മുഖംതിരിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
മുദാക്കൽ ഗ്രാമപഞ്ചായത്തിലെ 14ാം വാർഡിലാണ് സ്റ്രേഡിയം. നല്ല രീതിയിൽ വികസിപ്പിച്ചാൽ നിരവധി സ്കൂളുകളിൽ നിന്നുള്ള യുവകായിക താരങ്ങൾക്ക് പരിശീലനം നൽകാൻ ഉതകുന്നതാണ് ഈ സ്റ്റേഡിയം. ഈ ദീർഘവീക്ഷണത്തോടെയാണ് മുൻതലമുറ സ്റ്റേഡിയത്തിനായി ഒരേക്കർ പത്ത് സെന്റ് ഭൂമി വിട്ടുനൽകിയത്. എന്നാൽ കാലാനുസൃതമായ വികസനം ലഭിക്കാതെ സ്റ്റേഡിയം ഉപയോഗശൂന്യമായി മാറുകയാണ്.
സ്റ്റേഡിയത്തിന്റെ ആവശ്യകത നിരവധി തവണ കേരളകൗമുദി അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ കാടുകയറിക്കിടന്ന സ്റ്റേഡിയം എട്ട് വർഷം മുൻപ് വൃത്തിയാക്കി. ഒപ്പം എം.പി ഫണ്ട് ഉപയോഗിച്ച് കായിക താരങ്ങൾക്ക് വിശ്രമിക്കാനുള്ള കേന്ദ്രവും നിർമ്മിച്ചു നൽകി. എന്നാൽ പിന്നീടിങ്ങോട്ട് നവീകരണങ്ങൾ ഒന്നും നടന്നിട്ടില്ല.
റോഡ് തകർന്നു
സ്റ്റേഡിയത്തിന് മുന്നിലൂടെയുള്ള റോഡ് മുദാക്കൽ പഞ്ചായത്ത് ടാർ ചെയ്തു കഴിഞ്ഞു. എന്നാൽ മംഗലപുരം പഞ്ചായത്തിന്റെ ഭാഗം മെറ്റലിളകി കാൽനട പോലും ദുഃസഹമായ അവസ്ഥയിലാണ്. ഈ റോഡിലൂടെ പറണ്ടമല, പടിഞ്ഞാറേക്കോൺ വഴി ക്രൈസ്റ്റ് നഗർ സ്കൂളിന് മുന്നിലൂടെ വാളക്കാട് എളുപ്പത്തിൽ എത്താം. റോഡ് തകർന്നതോടെ ഇതുവഴിയുള്ള യാത്രയും ദുഃസഹമായി.