budget

സാധാരണ കേന്ദ്രബഡ്‌ജറ്റിന്റെ മോടികളൊന്നുമില്ലെന്നതാണ് നിർമ്മല സീതാരാമൻ കഴിഞ്ഞദിവസം അവതരിപ്പിച്ച കേന്ദ്ര ബഡ്‌ജറ്റിന്റെ ഏറ്റവും വലിയ സവിശേഷത. കാര്യമാത്ര പ്രസക്തമായി ബഡ്‌ജറ്റ് പ്രസംഗം ഒന്നരമണിക്കൂറിൽ ഒതുക്കിയതാണ് മറ്റൊരു പ്രത്യേകത. യു.പി ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ബഡ്‌ജറ്റിനെ സ്വാധീനിച്ചിട്ടുണ്ട്. സാധാരണക്കാർക്കും മദ്ധ്യവർഗത്തിനും പുതുതായൊന്നും നൽകുന്നില്ലെങ്കിലും നിത്യജീവിതം കൂടുതൽ ദുഷ്‌കരമാക്കുന്ന നിർദ്ദേശങ്ങളൊന്നും ഉൾപ്പെടുത്താതിരുന്നത് അതുകൊണ്ടാവാം. സാധാരണക്കാരിൽ ആഹ്ളാദമോ ആശ്വാസമോ ജനിപ്പിക്കാൻ വകയൊന്നുമില്ല ബഡ്‌ജറ്റിൽ. പ്രധാന വസ്തുതകൾ മാത്രം പ്രസംഗത്തിൽ ഉൾപ്പെടുത്തിയതിനാൽ വ്യക്തതയും കൃത്യതയും കമ്മിയാണെന്ന തോന്നലുമുണ്ടായി. ഏതായാലും അധികഭാരമൊന്നും അടിച്ചേല്പിച്ചില്ലെന്ന് ആശ്വസിക്കാം.

പ്രതികൂല സാഹചര്യങ്ങൾ നേരിട്ടുകൊണ്ടാണെങ്കിലും രാജ്യം ഗണ്യമായ സാമ്പത്തികവളർച്ച നേടിയെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം ആശ്വാസകരമാണ്. നടപ്പുവർഷം 9.2 ശതമാനം വളർച്ച നേടാനായി. അടുത്തവർഷം വളർച്ച നേരിയതോതിൽ കുറയുമെങ്കിലും എട്ടിനും എട്ടര ശതമാനത്തിനുമിടയ്ക്ക് ആയിരിക്കുമെന്നാണ് കണക്കുകൂട്ടൽ. ഈ വളർച്ച ജനജീവിതത്തിൽ എങ്ങനെ പ്രതിഫലിക്കുമെന്നതിനെ ആശ്രയിച്ചാകും മറ്റ് വിലയിരുത്തലുകൾ. പാവപ്പെട്ടവർക്കും മദ്ധ്യവർഗങ്ങൾക്കും മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ബഡ്‌ജറ്റ് നൽകുന്ന സന്ദേശമതാണെന്നും ധനമന്ത്രി അവകാശപ്പെടുന്നു. എല്ലാവർക്കും പാർപ്പിടം, കുടിവെള്ളം, ഉൗർജ്ജം എന്നീ സൗകര്യങ്ങൾ പ്രദാനം ചെയ്യാനുള്ള പദ്ധതികൾക്ക് ഉൗന്നൽ നൽകിയത് ഈ ലക്ഷ്യത്തിലാണ്. അടുത്ത 25 വർഷത്തെ സമഗ്രവികസനമാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനായി നാലുമേഖലകൾക്ക് ഉൗന്നൽ നൽകും. പ്രധാനമന്ത്രി ഗതിശക്തി എന്ന പദ്ധതിയാണ് പ്രധാനം. അടിസ്ഥാന സൗകര്യവികസനം ഇതിനു കീഴിൽവരുന്ന പദ്ധതി രാജ്യത്തെയാകെ ഉൾക്കൊള്ളിച്ചുള്ളതാകും. മൂന്നുവർഷംകൊണ്ട് പുതുതായി 25000 കിലോമീറ്റർ ദേശീയപാത നിർമ്മിക്കുമെന്നാണു പ്രഖ്യാപനം. മലയോരഗതാഗത വികസനം, 80 ലക്ഷം പുതിയ വീടുകൾ, ആറുകോടി കുടുംബങ്ങൾക്ക് കുടിവെള്ളം, ഏഴുലക്ഷം കോടിയുടെ മൂലധന നിക്ഷേപം തുടങ്ങിയവ വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ളതാണ്.

റെയിൽവേ ബഡ്‌ജറ്റ് കൂടി പൊതുബഡ്‌ജറ്റിന്റെ ഭാഗമാക്കിയെങ്കിലും കാര്യമായ പദ്ധതികളോ പ്രഖ്യാപനങ്ങളോ ഈ മേഖലയിൽ കണ്ടില്ല. പുതുതായി നാനൂറ് വന്ദേഭാരത് എക്സ്‌പ്രസുകൾ, 2000 കി.മീറ്റർ പുതിയ റെയിൽപാതകൾ, നൂറ് പുതിയ റെയിൽ കാർഗോ ടെർമിനലുകൾ തുടങ്ങി ഏതാനും പദ്ധതികൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഏതൊക്കെ സംസ്ഥാനങ്ങൾക്ക് അവയുടെ ഗുണം ലഭിക്കുമെന്ന് വ്യക്തമല്ല.

ഒരുവർഷം നീണ്ടുനിന്ന കർഷകസമരത്തിന്റെ പശ്ചാത്തലത്തിലാകാം വിളസംഭരണത്തിന് 2.37 ലക്ഷം കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. ഗോതമ്പും നെല്ലും വൻതോതിൽ സംഭരിക്കുമെന്ന വാഗ്ദാനവുമുണ്ട്. രാസവളമില്ലാത്ത കൃഷിരീതികൾ പ്രോത്സാഹിപ്പിക്കാൻ പ്രത്യേക പദ്ധതിയുണ്ടാകും. രാജ്യത്തെ അഞ്ച് പ്രധാന നദികളുടെ സംയോജനത്തിനുള്ള പദ്ധതി നടപ്പാക്കിത്തുടങ്ങുന്നതോടെ കാർഷികമേഖല കൂടുതൽ വളർച്ച നേടുമെന്നാണു പ്രതീക്ഷ.

ശമ്പളവിഭാഗക്കാർ പ്രതീക്ഷിച്ചിരുന്ന ആദായനികുതി ഇളവുകളൊന്നും ഉണ്ടായില്ലെന്നത് ബഡ്‌ജറ്റിനെ കൂടുതൽ അനാകർഷകമാക്കി. നിലവിലുള്ള നികുതി സ്ളാബുകൾ അതേപടി തുടരും. ആദായനികുതി മേഖലയിൽ മാറ്റം വരുത്താൻ ധനമന്ത്രി തയ്യാറായില്ല. കോർപ്പറേറ്റ് മേഖലയുടെ നികുതി സർച്ചാർജ് ഏഴു ശതമാനമായി കുറച്ചത് വിമർശനത്തിനിടയാക്കി. വിട്ടുപോയ വരുമാനം ഉൾപ്പെടുത്തി ഐ.ടി റിട്ടേണുകൾ പുതുക്കി സമർപ്പിക്കാൻ അവസരം നൽകിയത് പുതിയ കാര്യമാണ്.

യുവാക്കൾ, സ്‌ത്രീകൾ, കർഷകർ തുടങ്ങിയവർക്കായി നിലവിലുള്ള പദ്ധതികൾ പരിഷ്കരിക്കുകയോ കൂട്ടിച്ചേർക്കലുകൾ വരുത്തുകയോ ചെയ്തിട്ടുണ്ട്. സ്‌ത്രീശാക്തീകരണത്തിന് മൂന്നു പദ്ധതികളാണ് കൊണ്ടുവരിക. വിദ്യാഭ്യാസ - ആരോഗ്യമേഖലകൾക്കും കാര്യമായ പരിഗണന ലഭിച്ചിട്ടില്ല . ഡിജിറ്റൽ സർവകലാശാല, ഗ്രാമങ്ങളിൽവരെ ഇന്റർനെറ്റ് സേവനം, ഡിജിറ്റൽ പഠനത്തിനായി പ്രത്യേക ടിവിചാനലുകൾ, രണ്ടുലക്ഷം അംഗനവാടികളുടെ നവീകരണം, കുട്ടികൾക്കായി പ്രധാനമന്ത്രി ഇ - വിദ്യാപദ്ധതി തുടങ്ങിയവയാണ് എടുത്തുപറയേണ്ടവ. വ്യവസായമേഖലയുടെ വളർച്ച ഉറപ്പാക്കാനും തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനും ഉദ്ദേശിച്ച് ചെറുകിട - ഇടത്തരം മേഖലകൾക്ക് രണ്ടുലക്ഷം കോടിയുടെ പദ്ധതിനടപ്പാക്കും. വ്യവസായമേഖലയിൽ നടപ്പുവർഷം 60 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചെന്നാണ് ധനമന്ത്രി പറഞ്ഞത്.

ഉത്‌പാദനരംഗത്തെ വളർച്ചയെ ആശ്രയിച്ചാണ് തൊഴിൽമേഖലയുടെ നിലനില്‌പ് എന്നതിനാൽ കൂടുതൽ നിക്ഷേപം അനിവാര്യമാണ്. സർക്കാരിനൊപ്പം സ്വകാര്യമേഖലകൂടി കടന്നുവന്നാലേ ഉത്‌പാദനരംഗം കൂടുതൽ സജീവമാകൂ. പ്രതിരോധമേഖലയിൽ 68 ശതമാനം സാധനസാമഗ്രികളും രാജ്യത്തുതന്നെ ഉത്‌പാദിപ്പിക്കണമെന്ന തീരുമാനം സ്വകാര്യമേഖലയ്ക്കും വൻ അവസരങ്ങളാണ് തുറക്കുന്നത്. അടിസ്ഥാനസൗകര്യ മേഖലയിലെ വൻനിക്ഷേപങ്ങൾ കൂടിയാകുമ്പോൾ തൊഴിൽസാദ്ധ്യതകൾ വൻതോതിൽ വർദ്ധിച്ചേക്കാം. കൂടുതൽ ഇളവുകൾ നൽകാതെ സമ്പദ് മേഖലയുടെ സർവതോമുഖമായ വളർച്ചയാണ് സർക്കാരിന്റെ ലക്ഷ്യം.

ഈ വർഷം 5 - ജി. സേവനം, ഒന്നരലക്ഷം പോസ്റ്റോഫീസുകളിൽ കോർ ബാങ്കിംഗ് സൗകര്യം, ഇ - പാസ്‌പോർട്ട്, ഇലക്ട്രിക് വാഹനമേഖലയ്ക്ക് പ്രോത്സാഹനം, ഭൂമി രജിസ്ട്രേഷന് ഇ - സംവിധാനം, വ്യവസായങ്ങൾക്ക് ഒറ്റരജിസ്ട്രേഷൻ, പ്രത്യേക സാമ്പത്തികമേഖല ചട്ടങ്ങളുടെ സമഗ്രപരിഷ്കരണം, പുതിയ ഡിജിറ്റൽ കറൻസി, ടൂറിസം മേഖലയ്ക്ക് 50000 കോടി, ഗ്രീൻ ബോണ്ടുകൾ തുടങ്ങി ബഡ്ജറ്റിൽ പ്രഖ്യാപനങ്ങൾ നിരവധിയാണ്.

സംസ്ഥാനങ്ങൾക്ക് ഒരുലക്ഷം കോടി രൂപ പലിശരഹിത വായ്പയായി അനുവദിക്കാനുള്ള തീരുമാനം സ്വാഗതാർഹമാണ്. എന്നാൽ ജി.എസ്.ടി നഷ്ടപരിഹാരം നൽകാനുള്ള കാലപരിധി നീട്ടണമെന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിക്കപ്പെട്ടില്ല. കേരളം സമർപ്പിച്ചിരുന്ന കെ - റെയിൽ ഉൾപ്പെടെയുള്ള പദ്ധതികളുടെ കാര്യത്തിലും അനുകൂലനിലപാട് ധനമന്ത്രിയിൽ നിന്നുണ്ടായില്ല. പ്രതിപക്ഷത്തിന് അക്കമിട്ടു കുറ്റപ്പെടുത്താൻ ധാരാളം വകയുണ്ടെന്നതാണ് ബഡ്‌ജറ്റിന്റെ സവിശേഷത. സാധാരണക്കാർക്ക് സന്തോഷിക്കാൻ ഒന്നും നൽകിയില്ലെന്ന ആക്ഷേപവുമുണ്ട്.