
ആറ്റിങ്ങൽ: കടലിനും കായലിനുമിടയിൽ അധിവസിക്കുന്ന അഞ്ചുതെങ്ങ് നിവാസികൾക്ക് മാത്രമായി പ്രത്യേക പൈപ്പുലൈൻ സ്ഥാപിച്ച് കുടിവെള്ളക്ഷാമം പരിഹരിക്കുമെന്ന് വാട്ടർ അതോറിട്ടി ഉറപ്പു നൽകി. സി.പി.എം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ വാട്ടർ അതോറിട്ടി ഓഫീസിന് മുന്നിൽ ആരംഭിച്ച അനിശ്ചിതകാല സമരം ഈ ഉറപ്പിൻമേൽ അവസാനിപ്പിച്ചു.
അഞ്ചുതെങ്ങ് നിവാസികൾക്കായി ഇപ്പോൾ നടന്നുവരുന്ന പദ്ധതികൾ അതിവേഗത്തിൽ പൂർത്തിയാക്കുമെന്നും ഏഴു മാസമായി പൊട്ടിക്കിടക്കുന്ന കായലിനു അടിയിൽ കൂടിയുള്ള വക്കം- കായിയ്ക്കരക്കടവ് പൈപ്പുലൈൻ ഫെബ്രുവരി 20 നകം പുനഃസ്ഥാപിക്കുമെന്നും അഞ്ചുതെങ്ങ് തോണിക്കടവ് ഭാഗത്തേയ്ക്ക് പൂത്തുറയിൽ നിന്നും പുതിയ ലൈൻ ഇട്ട് വെള്ളം എത്തിക്കുമെന്നും വെള്ളം അല്പം പോലും ലഭിക്കാത്ത ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വെള്ളമെത്തിക്കാനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കുമെന്നും അധികതർ പറഞ്ഞു.
പദ്ധതി നടപ്പാകുന്നത് വരെ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ കുടിവെള്ളം മുടങ്ങാതെ നൽകുമെന്നുള്ള ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്. എക്സിക്യൂട്ടീവ് എൻജിനിയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ എന്നിവരുമായി പാർട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം ആർ.രാമു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാ ബീഗം, പഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു , പാർട്ടി ഏരിയാ കമ്മിറ്റിയംഗങ്ങളായ സി.പയസ്, എം. മുരളി, അഞ്ചുതെങ്ങ് സുരേന്ദ്രൻ, ആർ.ജറാൾഡ് തുടങ്ങിയവർ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. സമരം ആർ.രാമു ഉദ്ഘാടനം ചെയ്തു. വി.ലൈജു അദ്ധ്യക്ഷത വഹിച്ചു. സി.ചന്ദ്രബോസ്, സി.ദേവരാജൻ, എസ്. പ്രവീൺ ചന്ദ്ര, എച്ച്.ഷാനവാസ്, തോബിയാസ്, അനിൽ ആറ്റിങ്ങൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജാ ബോസ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബി.എൻ.സൈജു രാജ്, മെമ്പർമാരായ സജി സുന്ദർ, സോഫിയ, സുഭാഷ് ചന്ദ്ര ബോസ് എന്നിവർ പങ്കെടുത്തു.