നാഗർകോവിൽ: കന്യാകുമാരി കളിയിക്കാവിളയിൽ മകൻ മരിച്ച സങ്കടത്താൽ അച്ഛനും അമ്മയും കത്തെഴുതി വച്ചിട്ട് തൂങ്ങി മരിച്ചു. കളിയിക്കാവിള മേതുക്കുമൽ തിട്ടൻകനവിള സ്വദേശി സഹായം (60), ഭാര്യ സുഗന്ധി (55) എന്നിവരാണ് ജീവനൊടുക്കിയത്.ഇന്നലെ ആയിരുന്നു സംഭവം.സഹായം - സുഗന്ധി ദമ്പതികളുടെ മകൻ ഡീ ബ്രോഗ്ലി ഒരു വർഷംമുമ്പ് ബാംഗ്ലൂരിൽ വാഹനാപകടത്തിൽ മരിച്ചിരുന്നു. രണ്ട് ദിവസംമുമ്പ് മകന്റെ ഒന്നാം ചരമ വാർഷികത്തിനുശേഷം ദമ്പതികൾ മനംനൊന്തനിലയിൽ കാണപ്പെട്ടിരുന്നു. ഇന്നലെ രാവിലെ 9 മണിയായിട്ടും വീടിന്റെ വാതിൽ തുറക്കാത്തതിനാൽ ,അയൽവാസികൾ കളിയിക്കാവിള പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് വാതിൽ തള്ളിത്തുറന്ന് നോക്കിയപ്പോൾ ഹാളിൽ രണ്ടുപേരും തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. പരിശോധനയിൽ ആത്മഹത്യക്കുറിപ്പ് ലഭിച്ചിരുന്നു. മകൻ മരിച്ച വേദന സഹിക്കാൻ പറ്റാത്തതിനാൽ ആത്മഹത്യ ചെയ്യുന്നുവെന്ന് കത്തിൽ കുറിച്ചിരുന്നതായി പൊലീസ് പറഞ്ഞു.