
ബാലരാമപുരം: മലയാളത്തിലേയും ഗണിതത്തിലേയും പാഠഭാഗങ്ങളിലെ ജീവികളുടെ ഛായാചിത്രങ്ങൾ വരച്ച് മനോഹരമാക്കിയ ക്ലാസ് ചുമരുകൾ, 36 ക്ലാസ് മുറികളിലും കുട്ടികളുടെ വായനപ്രോത്സാഹിപ്പിക്കാൻ പുസ്തകങ്ങൾ സജ്ജമാക്കിയ പുസ്തകച്ചുമരുകൾ, ക്ലാസ് മുറികളിൽ വൈവിദ്ധ്യമാർന്ന ശിശു സൗഹൃദ ഫർണിച്ചറുകൾ. മനോഹരമായ ബഹുനില മന്ദിരങ്ങൾ. പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 1500 ലേറെ കുട്ടികൾ പഠിക്കുന്ന നേമം ഗവ.യു.പി.എസ് ഇനി കൂടുതൽ സ്മാർട്ട് ആകും. ആധുനീക സംവിധാനം വരുന്നതോടെ നിർദ്ധന കുട്ടികൾ പഠിക്കുന്ന സ്കൂളെന്ന ദുർഖ്യാതിയും ഇതോടെ സ്കൂളിനെ വിട്ടൊഴിയുകയാണ്. അദ്ധ്യാപനത്തിലും മറ്റ് കലാകായിക രംഗത്തും കൂടുതൽ മികവിലേക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങളൊരുക്കി മാറ്റുന്നതിന്റെ പരിശ്രമത്തിലാണ് സ്കൂൾ പി.ടി.എ കമ്മിറ്റിയും അദ്ധ്യാപകരും. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഒരു കോടി 35 ലക്ഷം രൂപ വിനിയോഗിച്ച് ഒമ്പത് ക്ലാസ് മുറികളുള്ള ബഹുനില മന്ദിരത്തിന്റെ നിർമ്മാണങ്ങൾ ഇതിനോടകം പൂർത്തിയായി. ഒപ്പം ദേശീയപാതയോട് ചേർന്ന് ആറ് ക്ലാസ്മുറികളുള്ള ഇരുനില മന്ദിരവും നിർമിച്ചു.
നവംബറിൽ സ്കൂൾ പ്രവേശനോത്സവത്തിന് ശേഷം സ്കൂളിൽ വൈവിദ്ധ്യമാർന്ന പ്രോഗ്രാമുകളാണ് സംഘടിപ്പിച്ച് വരുന്നത്. പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ പ്രവർത്തിക്കുന്ന എല്ലാ ക്ലാസ് മുറികളിലും പുസ്തകച്ചുമരുകൾ സ്ഥാപിച്ചതോടെ കുട്ടികളിൽ പുതിയൊരു വായനസംസ്കാരത്തിനും തുടക്കം കുറിച്ചു. പൊതുജനങ്ങൾ, എഴുത്തുകാർ, പൂർവ്വവിദ്യാർത്ഥികൾ എന്നിവരിൽ നിന്നും പുസ്തകങ്ങൾ സമാഹരിച്ചാണ് വായന സംസ്കാരത്തിന് പുതിയൊരു തുടക്കമിട്ടത്. സ്കൂളിന്റെ മികവാർന്ന പ്രവർത്തനങ്ങളെ വിദ്യാഭ്യാസമന്ത്രി നേരിട്ടെത്തി അഭിനന്ദിച്ചു. മുൻ എം.പി എ.സമ്പത്ത്, എം.എൽ.എമാരായ ഐ.ബി സതീഷ്, എം.വിൻസെന്റ് എന്നിവർ സ്കൂൾ ബസുകൾ സംഭാവനയായി നൽകി. നികുതിയും ഇൻഷുറൻസും എല്ലാം പി.ടി.എയുടെ നേതൃത്വത്തിൽ രണ്ടരലക്ഷത്തോളം രൂപ വിനിയോഗിച്ചാണ് സ്കൂൾ ബസ്സുകൾ നിരത്തിലിറക്കിയത്. കല്ലിയൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രഭാതഭക്ഷണപദ്ധതിയും സ്കൂളിൽ നടപ്പാക്കാൻ തീരുമാനമായി. ഫർണിച്ചർ സൗകര്യമൊരുക്കാനും വൈദ്യുതീകരണത്തിനും ഗ്രാമ പഞ്ചായത്ത് പദ്ധതി വിഹിതത്തിൽ തുക അനുവദിച്ചിട്ടുണ്ട്. കൂടാതെ അക്കാഡമിക് വികസനം ലക്ഷ്യമാക്കി സുരീലി ഹിന്ദി, ഹലോ ഇംഗ്ലീഷ്, ഉല്ലാസ ഗണിതം എന്നീ പദ്ധതികൾക്ക് പുറമേ സ്വന്തമായി അക്കാഡമിക് മാസ്റ്റർ പ്ലാൻ തയാറാക്കി അദ്ധ്യാപക സ്വയം ശാക്തീകരണ പരിപാടിക്കും നേതൃത്വം നൽകി വരുന്നു.