rail

തിരുവനന്തപുരം: കേന്ദ്രബഡ്ജറ്റിൽ തിരുവനന്തപുരം-കാസർകോട് സെമി ഹൈസ്പീഡ് റെയിലിന് അനുമതിയും 2150കോടി ഓഹരി വിഹിതവും അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം നിരാകരിച്ചു.

അനുമതിക്ക് പ്രധാനമന്ത്രി വ്യക്തിപരമായി ഇടപെടാൻ മുഖ്യമന്ത്രി പിണറായിവിജയൻ കത്ത് നൽകിയിരുന്നു. 2150 കോടിയുടെ ഓഹരിവിഹിതം ബഡ്ജറ്റിൽ വകയിരുത്താൻ ധനമന്ത്രി നിർമ്മലാ സീതാരാമനും മുഖ്യമന്ത്രി കത്ത് നൽകിയിരുന്നു.

സാമ്പത്തികശേഷി മോശമായതിനാൽ ഓഹരിവിഹിതം നൽകാനാവില്ലെന്നും 185ഹെക്ടർ ഭൂമി നൽകാമെന്നും റെയിൽവേ ബോർഡ് ചെയർമാൻ നേരത്തേ അറിയിച്ചിരുന്നു. ധനമന്ത്രാലയത്തെ സമീപിച്ച് ബഡ്ജറ്റ് വിഹിതമായി തുക നേടിയെടുക്കാനും നിർദ്ദേശിച്ചു. പക്ഷേ, സർക്കാർ നീക്കം ഫലംകണ്ടില്ല. കേന്ദ്രാനുമതിയില്ലാതെ റെയിൽവേ പദ്ധതി നടപ്പാക്കാനാവില്ല.

റെയിൽവേ ബോർഡിന്റെ അനുമതി ലഭിക്കാത്തതുകൊണ്ടാണ് ബഡ്ജറ്റിൽ സിൽവർലൈൻ പദ്ധതി ഇടംപിടിക്കാത്തതെന്ന് കെ-റെയിൽ അറിയിച്ചു. സംസ്ഥാനങ്ങളിലെ 12 അതിവേഗ റെയിൽ പദ്ധതികളും ഇടംപിടിച്ചിട്ടില്ല. ഡൽഹി-വാരണാസി, മുംബയ്-നാഗ്പൂർ ഹൈസ്പീ‌ഡ് റെയിൽവേ പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് ഉറപ്പിച്ചിരുന്നതാണെങ്കിലും അതുണ്ടായില്ല. ചെന്നൈ-ബംഗളൂരു- മൈസൂർ, ബംഗളൂരു-ഹൈദരാബാദ്, ഹൈദരാബാദ്-മുംബയ് അടക്കം പദ്ധതികൾ പരിഗണനയിലുണ്ട്.

4 അനുമതികൾ കിട്ടാനുണ്ട്


1. റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതാണ് പ്രധാന തടസ്സമായത്.

2.നീതിആയോഗ്, ധനകാര്യമന്ത്രാലയം എന്നിവയുടെ പരിശോധനയിലാണ്. അനുമതി ലഭിച്ചിട്ടില്ല.

3.സാമ്പത്തികകാര്യങ്ങൾക്കുള്ള കേന്ദ്രകാബിനറ്റ് കമ്മിറ്റിയും അനുമതി നൽകി, പദ്ധതിരേഖ പ്രധാനമന്ത്രിക്ക് സമർപ്പിക്കണം.

4.കേന്ദ്ര കാബിനറ്റാണ് അന്തിമാനുമതി നൽകേണ്ടത്.

#വിഹിതം, വായ്പ കിട്ടും

#സംസ്ഥാനങ്ങളുമായി ചേർന്നുള്ള സംയുക്ത കമ്പനികൾക്ക് 6200കോടി വിഹിതം ബഡ്ജറ്റിലുണ്ട്. റെയിൽവേ-സംസ്ഥാന സംയുക്ത കമ്പനിയായ കെ-റെയിലിന് പങ്കുകിട്ടും.

#അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നാഷണൽ ഇൻവെസ്റ്റ്മെന്റ് പദ്ധതികൾക്ക് കൂടുതൽ വിഹിതം ബഡ്ജറ്റിലുണ്ട്. സിൽവർലൈൻ ഇതിൽ ഉൾപ്പെടുന്ന പദ്ധതിയാണ്.

#കാർബൺ ബഹിർഗമനം കുറയ്ക്കുന്ന അടിസ്ഥാനസൗകര്യ പദ്ധതികൾക്ക് ഗ്രീൻ ബോണ്ടിറക്കി പണം സ്വരൂപിക്കാൻ അനുമതിയുണ്ട്. . 2052ൽ 5.95ലക്ഷം ടൺ കാർബൺ ബഹിർഗമനം ഇല്ലാതാക്കുന്നതാണ് സിൽവർലൈൻ.

#അടിസ്ഥാന സൗകര്യ പദ്ധതികൾ നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് പലിശയില്ലാത്ത ഒരു ലക്ഷം കോടി വായ്പ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിന് ചുരുങ്ങിയത് 5000 കോടി കിട്ടും.