ബാലരാമപുരം: ബാലരാമപുരം ജംഗ്ഷനിലെ അശാസ്ത്രീയമായ ഗതാഗത പരിഷ്കാരത്തിനെതിരെ മനുഷ്യാവകാശകമ്മീഷൻ. തിരക്കേറിയ സമയങ്ങളിൽ പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന തെറ്റായ ട്രാഫിക് പരിഷ്കാരം പൊതുജനങ്ങൾക്കും വാഹനയാത്രികർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് വിലയിരുത്തൽ. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിക്കാണ് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശം നൽകിയിരിക്കുന്നത്. നാലാഴ്ച്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം. മുൻകാലങ്ങളിൽ ഏർപ്പെടുത്തി പരാജയപ്പെട്ട ട്രാഫിക് പരിഷ്കാരം വീണ്ടും നടപ്പാക്കി ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് ആക്ഷേപം,​ കാട്ടാക്കട റോഡിലേക്ക് തിരിയേണ്ട വാഹനങ്ങൾ തിരുവനന്തപുരം കൊടിനടയിൽ നിന്ന് യു ടേൺ എടുക്കുന്ന രീതി അശാസ്ത്രീയമാണെന്ന് മനുഷ്യാവകാശ പ്രവർത്തകയായ രാഗം ബീഗം സമർപ്പിച്ച പരാതിയിൽ പറയുന്നു. തിരക്കേറിയതും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പീക്ക് അവറുകളിലും ഉന്നത ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.