
തിരുവനന്തപുരം:സ്വപ്‌ന പദ്ധതിയായ മുക്കോല - കാരോട് ബൈപ്പാസ് മാർച്ചിൽ പൂർത്തിയാക്കാനിരിക്കെ പണികൾക്ക് തടസമായി ദേശീയപാത അതോറിട്ടിയും മൈനിംഗ് ആൻഡ് ജിയോളജി വകുപ്പും തമ്മിലുള്ള ശീതസമരം.രാത്രി പണി നടത്തുന്നതിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് ദേശീയപാത അതോറിട്ടി അടുത്തിടെ കളക്ടർ നവജ്യോത് ഖോസയ്‌ക്ക് കത്ത് നൽകിയിരുന്നു.എന്നാൽ,കളക്ടർ ഇതുവരെ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.കൊവിഡ് ബാധിതയായതിനാൽ കളക്ടറുടെ ചുമതല വഹിക്കുന്നത് എ.ഡി.എം മുഹമ്മദ് സഫീറാണ്.
ജിയോളജി വകുപ്പാണെങ്കിൽ വൈകിട്ട് 5ന് ശേഷം നിർമ്മാണം നടത്താൻ ദേശീയപാത അതോറിട്ടിയെ അനുവദിക്കുന്നില്ല.കഴിഞ്ഞയാഴ്ച വകുപ്പ് ഉദ്യോഗസ്ഥൻ നേരിട്ടെത്തി നിർമ്മാണം നിറുത്തിവയ്‌പിക്കുകയും ചെയ്തു. രാത്രിയിലെ നിർമ്മാണം കൂടി ആവശ്യമാണെന്ന് അതോറിട്ടി ചൂണ്ടിക്കാട്ടിയെങ്കിലും നിർമ്മാണ സാധനങ്ങൾ പിടിച്ചെടുക്കുമെന്നും പൊലീസിനെ അറിയിക്കുമെന്നുമായിരുന്നു ഉദ്യോഗസ്ഥന്റെ മുന്നറിയിപ്പ്.ഇതോടെ ദേശീയപാത അതോറിട്ടി വഴങ്ങി.
പൂർത്തിയാക്കാനുള്ളത്
16.3 കിലോമീറ്റർ ദൂരമുള്ള ബൈപ്പാസിൽ കോട്ടുകാൽ,തിരുപുറം എന്നിവിടങ്ങളിലെ 1.2 കിലോമീറ്റർ ദൂരമാണ് ഇനി പൂർത്തിയാകാനുള്ളത്.ഇതിനായി ചുവന്ന മണ്ണ് ആവശ്യമാണ്.എന്നാൽ മണ്ണ് ഖനനം ചെയ്യാൻ ജിയോളജി വകുപ്പ് അനുമതി നൽകുന്നില്ല.ഇക്കാര്യം ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നെങ്കിലും തീരുമാനമുണ്ടായില്ല.റോഡ് തുറന്നുകൊടുത്താൽ കന്യാകുമാരി വഴി തമിഴ്നാട്ടിലേക്ക് തിരുവനന്തപുരം നഗരം തൊടാതെ യാത്ര ചെയ്യാനാകും.കഴിഞ്ഞ വർഷം മേയിൽ പണി തീർക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും കൊവിഡും മറ്റ് കാരണങ്ങളാലും നീണ്ടുപോവുകയായിരുന്നു.
മണ്ണ് വില്പനയെന്ന്
കുഴിച്ചെടുക്കുന്ന ചുവന്ന മണ്ണ് ദേശീയപാത അതോറിട്ടി സ്വകാര്യ ഏജൻസികൾക്ക് വിൽക്കുന്നുവെന്ന ഗുരുതര ആരോപണവും ജിയോളജി വകുപ്പ് ഉന്നയിച്ചിട്ടുണ്ട്.മണ്ണ് വിൽക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാത്രി നിർമ്മാണത്തിന് ദേശീയപാത അതോറിട്ടി നീക്കം നടത്തുന്നതെന്നും ഉദ്യോഗസ്ഥർ പറയുന്നു.ചുവന്ന മണ്ണിന്റെ അഭാവത്തെ തുടർന്ന് അതിർത്തിയിൽ തമിഴ്നാടിന്റെ ഭാഗത്തുള്ള നിർമ്മാണങ്ങളും നിറുത്തിവച്ചിരിക്കുകയാണ്.
അപാകത കണ്ടെത്തുന്നതിനുള്ള ലിഡാർ സർവേ
ദേശീയപാത 66ന്റെ ഭാഗമായ വഴിമുക്ക് -കളിയിക്കാവിള ആറുവരിപ്പാതയുടെ അലൈൻമെന്റിലെ അപാകത കണ്ടെത്തുന്നതിനുള്ള ലിഡാർ സർവേ തുടങ്ങി.ഒരു മാസത്തിനകം സർവേ പൂർത്തിയാക്കും.സർവേയിലെ അപാകതകൾ തിരുത്തിയാവും അന്തിമ അലൈൻമെന്റ് പൊതുമരാമത്ത് വകുപ്പ് പ്രസിദ്ധീകരിക്കുക.ലേസർ രശ്‌മികൾ ഉപയോഗിച്ചുള്ള സർവേയാണിത്.കരട് അലൈൻമെന്റ് തയ്യാറാക്കിയത് പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പ്രോജക്ട് ഡിവിഷനാണ്.അവസാനഘട്ട അലൈൻമെന്റും എസ്റ്റിമേറ്റും പ്ലാനുമെല്ലാം കേരള റോഡ് ഫണ്ട് ബോർഡ് തയ്യാറാക്കും.1480 കോടി രൂപയാണ് ആറുവരിപ്പാതയുടെ നഷ്ടപരിഹാരത്തിനും നിർമ്മാണത്തിനുമായി ചെലവിടുക.
കഴക്കൂട്ടം - കാരോട് ബൈപ്പാസ്
ദൂരം: 16.3 കിലോമീറ്റർ
നിർമ്മാണം തുടങ്ങിയിട്ട് 3 വർഷം
മുക്കോല- കാരോട് വരെ ആറുവരിപ്പാത