
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്ന രോഗികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന എച്ച്.ഡി.എസ് ലാബിലെത്താൻ ഇപ്പോൾ ആശുപത്രിയാകെ ചുറ്റിക്കറങ്ങേണ്ട ഗതികേടാണ്. സുരക്ഷാ ജീവനക്കാരും കൂട്ടിരിപ്പുകാരും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് പഴയ മോർച്ചറിക്ക് സമീപമുള്ള ഗേറ്റ് പൂട്ടിയതാണ് രോഗികളെയും കൂട്ടിരുപ്പുകാരെയും വലയ്‌ക്കുന്നത്. ഈ വഴിയിലൂടെ രോഗികളെയോ കൂട്ടിരിപ്പുകാരെയോ കടത്തിവിടാനോ തിരുച്ചു പോകാനോ സുരക്ഷാ ജീവനക്കാർ അനുവദിക്കുന്നില്ല. മജിസ്ട്രേറ്റിന്റെ നിർദ്ദേശപ്രകാരമാണ് ഇതുവഴി ജീവനക്കാരൊഴികെ മറ്റുള്ളവരെ കടത്തിവിടാത്തതെന്ന് സുരക്ഷാ ജീവനക്കാർ പറയുന്നു. സ്വകാര്യ ഏജൻസിയിൽ നിന്നുള്ളവരെ മാറ്റി ആശുപത്രി നേരിട്ട് നിയോഗിച്ചവർക്കാണിപ്പോൾ ഇവിടത്തെ സുരക്ഷാ ചുമതല. ഈ വഴി പൂട്ടിയപ്പോൾ എച്ച്.ഡി.എസ് ലാബിനെ ആശ്രയിക്കേണ്ടി വന്നവരാണ് ആകെ വലഞ്ഞത്. നിലവിൽ ലാബിലെത്താൻ പഴയ അത്യാഹിത വിഭാഗം വഴി ഒരു നില മുകളിൽ കയറി 16-ാം വാർഡ് വഴി വരണം. ഇത്രയും ചുറ്റിയ വഴിയിലൂടെ പരിചയമില്ലാത്തവർ എത്തിയാൽ വഴിതെറ്റുമെന്നുറപ്പ്. സമയനഷ്ടവും ഇതോടൊപ്പമുണ്ട്. ടെസ്റ്റ് റിസർട്ടുകൾ പഴയ അത്യാഹിതത്തിന് സമീപത്തു നിന്ന് ലഭിക്കുമെന്നത് നിലവിൽ ആശ്വാസം പകരുന്ന ഒന്നാണ്. അതേസമയം എച്ച്.ഡി.എസ് ലാബ് പരിശോധനാ ഫീസടയ്ക്കാൻ സജ്ജമാക്കുമെന്ന് അറിയിച്ചിരുന്ന പ്രീപെയ്ഡ് കാർഡ് സംവിധാനം ഇതുവരെ നടപ്പിലായില്ല. പരിശോധനാ റിക്വസ്റ്റും ഫലങ്ങളും ലഭിക്കുന്ന എലീസ മൊബൈൽ ആപ്ലിക്കേഷനും പാതിവഴിയിലായി. ഗേറ്റ് പൂട്ടിയതിൽ രോഗികളും കൂട്ടിരുപ്പുകാരും പ്രതിഷേധത്തിലാണ്.