moshanam

തിരുവനന്തപുരം: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ബൈക്കുകൾ മോഷ്ടിച്ച നാലംഗ സംഘത്തെ കഴക്കൂട്ടം പൊലീസ് പിടികൂടി. വെഞ്ഞാറമൂട് വിട്ടിയോട് ലക്ഷംവീട്‌ കോളനിയിൽ മഞ്ജിഷ് (27), അഴൂർ ശാസ്തവട്ടം തോന്നയിൽവിളാകം വീട്ടിൽ അപ്പു എന്ന് വിളിക്കുന്ന ഹരിപ്രസാദ് (20), തമിഴ്നാട് സ്വദേശിയും ഇപ്പോൾ കണിയാപുരം കല്ലിംഗൽ റോഡ് കറ്റാണി വീട്ടിൽ താമസം അയ്യപ്പൻ എന്ന് വിളിക്കുന്ന ബിലാൽ (22), അഴൂർ ശാസ്തവട്ടം ചരുവിള പുത്തൻ വീട്ടിൽ സൂരജ് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മോഷ്ടിക്കുന്ന ബൈക്കുകളുടെ നമ്പർപ്ലേറ്റ് മാറ്റി കുറച്ച് ദിവസം ഉപയോഗിച്ചശേഷം പൊളിച്ച് ആക്രിക്കടയിൽ വിൽക്കുന്നതാണ് രീതി. മുക്കോലയ്ക്കൽ റോഡിൽ നിന്ന് ഒരു ബൈക്കും,​ കഴക്കൂട്ടം ഇൻഫോസിസിന് എതിർവശത്തെ വീട്ടിൽ നിന്ന് ഒരു ബൈക്കും, കോവളം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മറ്റൊരു ബൈക്കും പ്രതികൾ അടുത്ത കാലത്ത്‌ മോഷ്ടിച്ചെടുത്തതായി തെളിഞ്ഞിട്ടുണ്ട്.

കോവളത്ത് നിന്ന് മോഷ്ടിച്ചെടുത്ത ബൈക്ക് പ്രതികളിൽ നിന്നും, മുക്കോലയ്ക്കലിൽ നിന്ന് മോഷ്ടിച്ച പൾസർ ബൈക്ക് പൊളിച്ച് പാർട്ട്സാക്കി വിറ്റ കണിയാപുരത്തെ ആക്രിക്കടയിൽ നിന്നും പൊലീസ് കണ്ടെടുത്തു.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മറ്റ്‌ മോഷണങ്ങളെ സംബന്ധിച്ചും വില്പന നടത്തിയ ബൈക്കുകൾ കണ്ടെത്തുന്നതിനും പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ ജി. സ്പർജൻകുമാർ അറിയിച്ചു. കഴക്കൂട്ടം സൈബർ സിറ്റി എ.സി.പി ഹരി.സി.എസിന്റെ നേതൃത്വത്തിൽ കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ.ജെ.എസ്, എസ്.ഐമാരായ ജിനു, മിഥുൻ, ഹാഷിം, സി.പി.ഒമാരായ സജാദ്, ശ്യാം, അരുൺ, സഫീർ, ബിനു, ബൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.