sec

തിരുവനന്തപുരം :പൊതുഭരണ വകുപ്പിൽ പുതുതായി സൃഷ്ടിച്ച സെക്രട്ടേറിയറ്റ് അസിസ്റ്റന്റുമാരുടെ ഒഴിവുകളിൽ പി.എസ്.സി റാങ്ക് ലിസ്റ്റ് നോക്കുകുത്തിയാക്കി തസ്തികമാറ്റം വഴി നിയമനത്തിന് നീക്കം. പൊതുഭരണ സെക്രട്ടേറിയറ്റിലെ ജോലിഭാരം ശാസ്ത്രീയമായി ക്രമീകരിക്കാൻ നിയോഗിച്ച അഞ്ചംഗ സമിതിയുടെ റിപ്പോർട്ട് പ്രകാരം പുതുതായി സൃഷ്ടിക്കുന്ന 44 അസിസ്റ്റന്റ് തസ്തികകളിലേക്ക് പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരെ ഒഴിവാക്കും. ഇവയിൽ 25 എണ്ണത്തിൽ കമ്പ്യൂട്ടർ അസിസ്റ്റുമാരെ താത്കാലികമായി നിയമിക്കാനാണ് തീരുമാനം. ബാക്കിയുള്ള 19 ഒഴിവുകൾ പുനർവിന്യാസത്തിലൂടെ തസ്തിക നഷ്ടപ്പെടുന്നവർക്കായി മാറ്റിവയ്ക്കും. ഏപ്രിൽ എട്ടുവരെ നിലവിലെ പി.എസ്.സി ലിസ്റ്റിന് കാലാവധിയുള്ളപ്പോഴാണിത്.

കമ്പ്യൂട്ടർ അസിസ്റ്റന്റുമാരിൽ വിദ്യാഭ്യാസ യോഗ്യതയുള്ളവരെ അസിസ്റ്റന്റ് തസ്തികയിലേക്ക് തസ്തികമാറ്റം വഴിയാണ് നിയമിക്കുന്നത്. ഒരു മാസത്തിനകം നടപടികൾ പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം.പട്ടിക വിഭാഗങ്ങളുടെ നിയമനത്തിലെ പോരായ്മകൾ കണ്ടെത്തി സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്താൻ പ്രവർത്തിച്ചിരുന്ന സെക്ഷനുകളടക്കം നിറുത്തലാക്കിയും മറ്റുള്ളവയുമായി കൂട്ടിച്ചേർത്തും പുറത്തുവന്ന അഞ്ചംഗ സമിതിയുടെ റിപ്പോർട്ടിലാണ് അസിസ്റ്റന്റുമാരുടെ നിയമനത്തെക്കുറിച്ചുള്ള നിർദ്ദേശവുമുള്ളത്.

വിദ്യാഭ്യാസ യോഗ്യതയും താത്പര്യവുമുള്ള 25 കംപ്യൂട്ടർ അസിസ്റ്റന്റുമാരെ സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിലാണ് അസിസ്റ്റന്റ് തസ്തികയിൽ നിയമിക്കുന്നത്. ഇവരെ ഈ തസ്തികയിൽ പിന്നീട് സ്ഥിരപ്പെടുത്തുമോ എന്ന് വ്യക്തമാക്കിട്ടില്ല. നിലവിലുള്ള പി.എസ്.സി റാങ്ക് ലിസ്റ്രിൽ നിന്ന് 431പേർക്കാണ് നിയമ ശുപാർശ അയച്ചിട്ടുള്ളത്.പുതിയ ഒഴിവുകൾ ഉണ്ടായാൽ ലിസ്റ്റിൽ നിന്ന് നിയമനം ലഭിക്കുമെന്ന് കരുതിയ ഉദ്യോഗാർത്ഥികളാണ് നിരാശരായത്. നേരത്തെ ഓഫീസ് അറ്റൻഡന്റുമാരുടെ തസ്തികകളും വെട്ടിക്കുറച്ചിരുന്നു.