
തിരുവനന്തപുരം: കണ്ണൂർ സർവകലാശാലാ വൈസ്ചാൻസലറെ കണ്ടെത്താൻ നിയമിച്ച സെർച്ച് കമ്മിറ്റി പിരിച്ചുവിട്ട്, ഡോ.ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയ കേസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ലോകായുക്തയിൽ തിരിച്ചടി.
വി.സിയായി നിയമിക്കാനുള്ള വ്യക്തിയെ ശുപാർശ ചെയ്യാനാവശ്യപ്പെട്ട് മന്ത്രി ആർ.ബിന്ദുവിന് ഗവർണർ നൽകിയ കത്ത് സർക്കാർ ലോകായുക്തയിൽ ഹാജരാക്കി. ഗവർണറുടെ കത്തിനെത്തുടർന്നാണ് ഗോപിനാഥ് രവീന്ദ്രന്റെ പേര് ശുപാർശ ചെയ്ത് മന്ത്രി കത്തയച്ചത്. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ഹാജരാക്കി തന്നെ സമ്മർദ്ദത്തിലാക്കി വി.സിയെ പുനർനിയമിച്ച് ഉത്തരവിറക്കിച്ചെന്നാണ് ഗവർണർ പറഞ്ഞിരുന്നത്.
മന്ത്രി ബിന്ദുവിന്റേത് ശുപാർശ
മാത്രമെന്ന് ലോകായുക്ത
മന്ത്രി ബിന്ദുവിന്റേത് ശുപാർശ മാത്രമായിരുന്നെന്നും, ഈ ശുപാർശ നിയമനാധികാരിയായ ചാൻസലർ എന്തുകൊണ്ട് നിരസിച്ചില്ലെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ചോദിച്ചു. മന്ത്രി പദവി ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തിനു തെളിവില്ല. മന്ത്രി ബിന്ദു എന്ത് തെറ്റാണ് ചെയ്തതെന്ന് ഹർജിക്കാർ വ്യക്തമാക്കണം. മന്ത്രിയും ചാൻസലറും ഗവർണറും ലോകായുക്തയുടെ അധികാര പരിധിയിൽ വരുന്നവരല്ല. കത്തിലൊരിടത്തും ശുപാർശയെന്ന വാക്കില്ല പ്രൊപ്പോസൽ എന്നാണുള്ളത് .ഹൈക്കോടതി ജഡ്ജിക്ക് വ്യക്തമാകാത്ത കാര്യം, നിയമ പ്രാവീണ്യമില്ലാത്ത മന്ത്രിക്ക് എങ്ങനെ ബോധ്യമാകാനാണെന്നും ഇക്കാര്യത്തിൽ മന്ത്രിയെ കുറ്റം പറയാനാവില്ലെന്നും ലോകായുക്ത പറഞ്ഞു
. വി.സിയെ നിയമിച്ചതിലോ മുഖ്യമന്ത്രിയുടെ പ്രെെവറ്റ് സെക്രട്ടറിയുടെ ഭാര്യ അസോ.പ്രൊഫസർ നിയമന പട്ടികയിൽ വന്നതിലോ മന്ത്രിക്ക് എന്ത് സാമ്പത്തിക നേട്ടമാണുണ്ടായതെന്ന് വ്യക്തമാക്കാൻ ലോകായുക്ത ഹർജിക്കാരോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യയ്ക്ക് നിയമനം നൽകിയതിന്റെ പ്രത്യുപകാരമാണ് വി.സിയുടെ പുനർനിയമനമെന്ന ആരോപണം നിലനിൽക്കില്ല. രാഷ്ട്റീയക്കാരന്റെ ഭാര്യയെന്നതു വലിയ അപരാധമാണോ? പല അധ്യാപക തസ്തികകളിലേക്കും ഈ ഘട്ടത്തിൽ കണ്ണൂർ സർവകലാശാല നിയമനം നടത്തിയിട്ടുണ്ട്. ഈ നിയമനത്തിൽ മന്ത്രിയുടെ റോൾ എന്താണ്? പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ നിയമിച്ചതിന് രേഖയില്ലെന്നും ലോകായുക്ത പറഞ്ഞു. മന്ത്രിക്കും ചാൻസലർക്കുമിടയിൽ ആശയവിനിമയം മാത്രമാണുണ്ടായതെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ടിഎ ഷാജി വാദിച്ചു.
യൂണിവേഴ്സിറ്റികളുടെ ഒരു കാര്യത്തിലും മന്ത്രിക്ക് ഇടപെടാനായില്ലെങ്കിൽ പിന്നെ എന്തിനാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിയെന്ന് ഉപ ലോകായുക്ത ചോദിച്ചു. കേസ് തുടർ വാദം കേൾക്കുന്നതിനും വിധി പറയുന്നതിനുമായി ഈ മാസം നാലിലേയ്ക്ക് മാറ്റി. ലോകായുക്ത സിറിയക് ജോസഫ്, ഉപ ലോകായുക്ത ഹാരൂൺ- ഉൾ- റഷീദ് എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിച്ചത്.
വിസിയുടെ പുനർനിയമനത്തിൽ അന്വേഷണം ആവശ്യമുണ്ടോ എന്ന് നാലിന് ലോകായുക്ത തീരുമാനിക്കും. ലോകായുക്ത ഭേദഗതി ഓർഡിനൻസ് അതിനകം പ്jeബല്യത്തിൽ വരുമോയെന്ന് തമാശരൂപേണ ഉപലോകായുക്ത ജസ്റ്റിസ് ഹാരുൺ അൽ റഷീദ് ചോദിച്ചു. താൻ ഈ നാട്ടുകാരനല്ലെന്നായിരുന്നു പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ.ഷാജിയുടെ മറുപടി.
ലോകായുക്തഓർഡിനൻസ്:
അപാകതയില്ലെന്ന് സർക്കാർ
₹ഗവർണർക്ക് വിശദീകരണം നൽകി
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ പ്രതിപക്ഷം ഉയർത്തുന്നത് പോലുള്ള നിയമപരമായ അപാകതകളില്ലെന്ന് വിശദീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സർക്കാർ കത്ത് നൽകി. ഓർഡിനൻസിനെതിരെ പ്രതിപക്ഷം ഉയർത്തിയ പരാതികളിന്മേൽ ഗവർണർ സർക്കാരിനോട് വിശദീകരണം തേടിയതിനുള്ള മറുപടി ഇന്നലെ മുദ്രവച്ച കവറിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് രാജ്ഭവനിലെത്തിച്ചു. ലക്ഷദ്വീപിൽ നിന്ന് ഇന്നലെ സന്ധ്യയോടെ രാജ്ഭവനിൽ തിരിച്ചെത്തിയ ഗവർണർ ,ഇന്ന് സർക്കാരിന്റെ വിശദീകരണം പരിശോധിച്ച ശേഷം കൂടുതൽ നിയമോപദേശം തേടണോ എന്നതിലടക്കം തീരുമാനമെടുക്കും. വീണ്ടും നിയമോപദേശം തേടിയാൽ ഓർഡിനൻസിന്മേൽ തീരുമാനം പിന്നെയും നീളും.
മൂല നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം വാങ്ങിയിട്ടുള്ളതിനാൽ ,നിയമഭേദഗതിക്കും അത് വേണമെന്നാണ്പ്രതിപക്ഷവാദം. എന്നാൽ, നിയമത്തിൽ ഇതൊരു കാതലായ മാറ്റമല്ലെന്നാണ് സർക്കാർ ചൂണ്ടിക്കാട്ടിയതെന്നറിയുന്നു. പൊതുപ്രവർത്തകരുടെ സ്വത്തുവിവരം വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഇതേ നിയമത്തിൽ 2017ൽ ഭേദഗതി വരുത്തിയപ്പോൾ രാഷ്ട്രപതിയുടെ അംഗീകാരം തേടിയിട്ടില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നിയമനാധികാരി ഗവർണറായിരിക്കെ, സ്റ്റാറ്റ്യുട്ടറി സ്ഥാപനമായ ലോകായുക്തയ്ക്ക് ഇത്തരമൊരു അധികാരം നൽകിയത് ഭരണഘടനയുടെ അന്തസ്സത്തയ്ക്ക് നിരക്കുന്നതല്ലെന്ന നിയമോപദേശം അഡ്വക്കറ്റ് ജനറലിൽ നിന്ന് ലഭിച്ചതിനെ തുടർന്നാണ് നിയമഭേദഗതി. ലോകായുക്ത അന്വേഷണ ഏജൻസി മാത്രമാണ്. ഈ ഏജൻസി കണ്ടെത്തുന്ന കാര്യത്തിൽ അപ്പീലിനുള്ള അധികാരം പോലുമില്ലാത്തത് ജനാധിപത്യസ്വഭാവം ഇല്ലാതാക്കുന്നതാണെന്ന വാദഗതികളുണ്ടായി. സ്വാഭാവികനീതിയുടെ ലംഘനവും ചൂണ്ടിക്കാണിക്കപ്പെട്ടു. ലോകായുക്ത നിയമം സംസ്ഥാന നിയമമാണ്.ലോകായുക്ത ഭരണഘടനാസ്ഥാപനമല്ല, അർദ്ധ ജുഡിഷ്യൽ സ്ഥാപനം മാത്രമാണെന്നും സർക്കാർ വിശദീകരണത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നാണ് സൂചന.
അതേസമയം, നിയമസഭാസമ്മേളനം വിളിച്ചു ചേർക്കാൻ ഇതിനിടയിൽ മന്ത്രിസഭ ശുപാർശ ചെയ്താൽ ഇപ്പോഴത്തെ ഓർഡിനൻസിന് സാധുതയില്ലാതാകും. അതിനാൽ ,ഗവർണർ ഒപ്പു വച്ച ശേഷമേ സഭാ സമ്മേളനം വിളിക്കുന്നത് മന്ത്രിസഭ ചർച്ച ചെയ്യാനിടയുള്ളൂ.