
കല്ലമ്പലം: കല്ലമ്പലത്തിനു സമീപത്തെ മുള്ളറംകോട്ട് അടുത്തടുത്ത വീടുകളിലെ മൂന്നുപേരുടെ മരണത്തിൽ നടുങ്ങി നാട്ടുകാർ. പിക്കപ്പ് വാൻ ഇടിച്ച് അജിത്തിന്റെ മരണം, സർക്കാർ ജീവനക്കാരൻ അജികുമാറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, നാവായിക്കുളം മാങ്ങാട്ടുവാതുക്കലിന് സമീപമുണ്ടായ വാഹനാപകടത്തിൽ ജിംനേഷ്യം നടത്തിപ്പുകാരൻ ബിനുരാജിന്റെ മരണം എന്നിവയുമായി ബന്ധപ്പെട്ടാണ് അഭ്യൂഹങ്ങളുണ്ടായത്.
മരിച്ച മൂന്നുപേരും നാട്ടുകാരും പരസ്‌പരം അറിയാവുന്നവരുമായിരുന്നതാണ് ഞെട്ടലിന് കാരണം. മൂന്നുമരണത്തിലും ദുരൂഹതയുണ്ടെന്നായിരുന്നു ആദ്യം വാർത്ത പ്രചരിച്ചത്. പൊലീസ് വാഹനങ്ങൾ സംഭവ സ്ഥലത്തേക്ക് ചീറിപ്പായുന്നത് കണ്ടതോടെ നാട്ടുകാർ അടക്കംപറച്ചിലുകൾ തുടങ്ങി. ചിലർ മാദ്ധ്യമ പ്രവർത്തകരെയും പൊലീസിനെയും വിളിച്ച് നിജസ്ഥിതി മനസിലാക്കാൻ ശ്രമിച്ചു. ഇതിനിടെ നാവായിക്കുളത്തെ വാഹനാപകടത്തിൽ ദുരൂഹതയില്ലെന്ന് ഉറപ്പായതോടെ മറ്റ് രണ്ട് സംഭവങ്ങളിലും നാട്ടുകാർ ദുരൂഹതയുണ്ടെന്ന് ഉറപ്പിച്ചു. പിക്കപ്പ് വാൻ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ കഥകൾ വീണ്ടും പ്രചരിച്ചു. ഫോറൻസിക് വിദഗ്ദ്ധർ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.