p

തിരുവനന്തപുരം: ആലപ്പുഴ ഡി.സി.സിയിൽ കഴിഞ്ഞ മാസം നടന്ന യോഗത്തിൽ രമേശ് ചെന്നിത്തലയെ അപഹസിച്ച് പ്രസംഗിച്ചെന്ന പരാതിയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി പ്രതാപവർമ തമ്പാനെ ആലപ്പുഴ ജില്ലയുടെ ചുമതലയിൽ കെ.പി.സി.സി നേതൃത്വം മാറ്റി. പകരം മറ്റൊരു കെ.പി.സി.സി ജനറൽ സെക്രട്ടറി മര്യാപുരം ശ്രീകുമാറിന് ചുമതല നൽകി.

കോട്ടയത്ത് മുമ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തല മത്സരിച്ചത് എൻ.എസ്.എസ് നിർദ്ദേശ പ്രകാരമായിരുന്നുവെന്നും, ഹരിപ്പാട് സീറ്റ് ബാബു പ്രസാദ് രമേശ് ചെന്നിത്തലയ്ക്കായി ഒഴിഞ്ഞ് കൊടുത്തപ്പോൾ നടത്തിയ വികാര പ്രകടനങ്ങൾ സംഘടനാപ്രവർത്തന രീതിയല്ലെന്നുമാണ് പ്രതാപവർമ തമ്പാൻ വിമർശിച്ചത്. ചാത്തന്നൂരിൽ തനിക്ക് സീറ്റ് കിട്ടിയത് എസ്.എൻ.ഡി.പി യോഗം നിർദ്ദേശമനുസരിച്ചായത് പോലെയാണ് രമേശിന് കോട്ടയത്ത് സീറ്റ് കിട്ടിയതെന്നാണ് തമ്പാൻ പറഞ്ഞത്. ബ്ലോക്ക് പ്രസിഡന്റുമാരുടെ യോഗത്തിൽ ഒരു വിഭാഗം ഇതിനെതിരെ രംഗത്തെത്തി. പിന്നീട് ഡി.സി.സി പ്രസിഡന്റുമാരുടെ യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് ബാബു പ്രസാദും തമ്പാനും ഇതേച്ചൊല്ലി ഏറ്റുമുട്ടി. സംഘടനാ ചുമതലയിൽ നിന്ന് തമ്പാനെ മാറ്റണമെന്നാവശ്യപ്പെട്ട് ഡി.സി.സി, ബ്ലോക്ക് ഭാരവാഹികൾ ഗ്രൂപ്പ് ഭേദമെന്യേ കെ.പി.സി.സി നേതൃത്വത്തെ സമീപിച്ചിരുന്നു