
തിരുവനന്തപുരം: വിദേശത്തുനിന്ന് ഏഴ് ദിവസംവരെയുള്ള സന്ദർശനത്തിന് എത്തുന്നവർക്ക് ക്വാറന്റൈൻ ബാധകമല്ലെന്ന് സർക്കാർ വ്യക്തമാക്കി. വീട്ടിലോ ഹോട്ടലിലോ താമസിക്കാം. കൊവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം. ഏഴ് ദിവസത്തിനുള്ളിൽ മടങ്ങണം. കൊവിഡ് ബാധിച്ചാൽ ആരോഗ്യ കേന്ദ്രത്തെ അറിയിച്ച് ചികിത്സ തേടണമെന്നും മന്ത്രി വീണാ ജോർജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കൊവിഡ് വ്യാപനത്തോത് കുറയുന്നതായി മന്ത്രി അറിയിച്ചു. ജനുവരി ആദ്യ ആഴ്ചയിൽ 45 ശതമാനവും രണ്ടാം ആഴ്ചയിൽ 148 ശതമാനവും മൂന്നാം ആഴ്ചയിൽ 215 ശതമാനവും ആയി കേസുകൾ വർദ്ധിച്ചിരുന്നു. നാലാം ആഴ്ചയിൽ 71 ശതമാനമായും കഴിഞ്ഞ ആഴ്ചയിൽ 16 ശതമാനമായും കുറഞ്ഞു. 57 ശതമാനത്തോളം ഐ.സി.യു കിടക്കകൾ ഒഴിവുണ്ട്. 84 ശതമാനം വെന്റിലേറ്ററുകൾ ഒഴിവുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ആശുപത്രിയിൽ എത്തുന്ന എല്ലാവർക്കും ടെസ്റ്റ് വേണ്ട
ആശുപത്രിയിലെത്തുന്ന രോഗികൾക്ക് കൊവിഡ് ലക്ഷണമുണ്ടെങ്കിൽ മാത്രം അതിന്റെ പരിശോധന നടത്തിയാൽ മതി.
മറ്റു രോഗങ്ങളുടെ തുടർചികിത്സയ്ക്ക് കൊവിഡ് പരിശോധന അനിവാര്യമാണെങ്കിൽ ചെയ്യാം.
കൊവിഡ് രോഗലക്ഷണമുള്ളവരെ ചികിത്സിക്കാൻ പ്രത്യേക ഇടം സജ്ജീകരിക്കണം.
ഒ.പിയിലും അത്യാഹിത വിഭാഗത്തിലും ഒരോ പ്രവേശന മാർഗം മാത്രം.
സ്‌പെഷ്യാലിറ്റിയിൽ അഡ്മിറ്റാവുന്നവർക്ക് കൊവിഡ് സ്ഥിരീകരിച്ചാൽ അവിടെ തന്നെ വാർഡ് സജ്ജീകരിക്കണം.
ഓരോ വിഭാഗത്തിലും കൊവിഡ് രോഗികളെ പരിചരിക്കാൻ കിടക്കകൾ നീക്കിവയ്ക്കണം.
അതീവ ഗുരുതര ചികിത്സയ്ക്ക് മാത്രം പി .പി .ഇ കിറ്റ് ഉപയോഗിച്ചാൽ മതി. മാസ്കും ഫേസ് ഷീൽഡും ഗൗണും എപ്പോഴും ധരിക്കണം
സൗകര്യമുണ്ടായിട്ടും ചികിത്സ നിഷേധിച്ചാൽ കർശന നടപടി.
സ്വകാര്യ ആശുപത്രിയിൽ രോഗികൾക്ക് കൊവിഡ് ബാധിച്ചാലും ഡയാലിസിസ് മുടക്കരുത്.