mela

പാലോട്: 59-ാമത് പാലോട് കാർഷിക മേള 7 മുതൽ 13 വരെ പൂർണമായും ഓൺലൈൻ പ്ളാറ്റ്ഫോമിൽ സംഘടിപ്പിക്കും. പരമ്പരാഗതമായ രീതിയിൽ നടക്കുന്ന കന്നുകാലിച്ചന്ത ഇത്തവണ ശ്രദ്ധേയമാകും.ആദ്യ കാലത്ത് കാളച്ചന്ത അരങ്ങേറിയ കുശവൂർ ഏലയിലാണ് കന്നുകാലിച്ചന്ത ഒരുങ്ങുന്നത്. കുടി മാടുകൾ,പാണ്ടി മാടുകൾ, കിഴക്കൻ മാടുകൾ,മുറൈ പോത്തുകൾ,അത്യുല്പാദന ശേഷിയുള്ള മുട്ടക്കോഴികൾ മുതലായവ വില്പനയ്ക്കെത്തും. ഒരു സമയം 20 പേർക്ക് പ്രവേശനം എന്ന നിലയിലാണ് കന്നുകാലിച്ചന്ത സംഘടിപ്പിച്ചിട്ടുള്ളതെന്ന് മേള ചെയർമാൻ എം.ഷിറാസ് ഖാൻ,ജനറൽ സെക്രട്ടറി ഇ.ജോൺകുട്ടി,ട്രഷറർ വി.എസ്.പ്രമോദ്,കൺവീനർമാരായ പി.രജി,മനോജ്.ടി. പാലോട് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മാതൃകാപരമായി കന്നുകാലിച്ചന്ത നടത്താനാണ് തീരുമാനം.ആദ്യ ദിനത്തിൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 5,900 എൻ 95 മാസ്‌കുകളുടെ വിതരണം നടക്കും.ബ്രദേഴ്സ് ഹോസ്പിറ്റൽ പാലോടും (ബി.എം.സി) മേള കമ്മിറ്റിയും സംയുക്തമായാണ് മാസ്ക് വിതരണം ചെയ്യുന്നത്. വൈകിട്ട് 6ന് പരമ്പരാഗത രീതിയിൽ ഒരുക്കുന്ന ഓർമ്മകളുടെ കാർഷികദീപം തെളിക്കും. ഉദ്ഘാടന സമ്മേളനം പൂർണമായി ഓൺലൈൻ പ്ലാറ്റ്ഫോമിലായിരിക്കും.സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു ഉദ്ഘാടനം ചെയ്യും.രാത്രി ഏഴ് മുതൽ സിനിമാ പിന്നണി ഗായകൻ സഫീർ നയിക്കുന്ന ചുമടുതാങ്ങി ബാൻഡ് ഓൺലൈൻ ലൈവായി അവതരിപ്പിക്കും.8ന് കാവ്യനർത്തനം, 9ന് പി.എസ്.ദിവാകരൻ നായർ,എം.പി.വേണുകുമാർ എന്നിവരെ അനുസ്മരിക്കും. ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടത്തുന്ന പരിപാടിയിൽ പ്രമുഖർ പങ്കെടുക്കും.രാത്രി 7 മുതൽ ആയിരത്തൊന്ന് രാവുകൾക്കും ശേഷം സ്വന്തം കഥയും പ്രശസ്തരുടെ കഥകളും ഹൃദ്യമായി അവതരിപ്പിച്ച് സഹൃദയർ മേളയുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ലൈവ് അവതരണം നടത്തും. 10ന് വൈകിട്ട് 5 മുതൽ ആനുകാലിക സംഭവവികാസങ്ങളുടെയും നിയമ നിർമ്മാണങ്ങളുടെയും പശ്ചാത്തലത്തിൽ ഡൽഹിയിൽ കർഷകർ നടത്തിയ പ്രക്ഷോഭത്തെക്കുറിച്ച് വെബിനാർ. ഫെബ്രുവരി 11ന് വൈകിട്ട് 6 മുതൽ മേളപ്പാട്ടുകൾ, 12ന് വൈകിട്ട് 5 മുതൽ പരമ്പരാഗത കൃഷിയും വിത്തിനങ്ങളും സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത പാനൽ ഡിസ്‌കഷൻ,13ന് വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്യും.ഡി.സി.സി പ്രസിഡന്റ് പാലോട് രവി മുഖ്യാതിഥിയാകും.തുടർന്ന് റജി ഫിലിപ്പിന്റെ നേതൃത്വത്തിൽ ഗസൽ രാവ് എന്ന പരിപാടി നടക്കും.