
തിരുവനന്തപുരം: എട്ടുവർഷമായി കേരളം പ്രതീക്ഷിക്കുന്ന എയിംസ് (ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്) ഇത്തവണയുമില്ല. എയിംസ് അനുവദിക്കാനുള്ള ശുപാർശ ധനകാര്യമന്ത്രാലയത്തിന് ആരോഗ്യമന്ത്രാലയം കഴിഞ്ഞ ഒക്ടോബറിൽ നൽകിയിരുന്നതാണ്. കേരളത്തിനൊപ്പം ഹരിയാന, കർണാടക സംസ്ഥാനങ്ങൾക്കും എയിംസ് അനുവദിക്കാൻ ആരോഗ്യമന്ത്രാലയം ശുപാർശ ചെയ്തിരുന്നു.
എയിംസ് അനുവദിക്കാമെന്ന് 2014മുതൽ കേരളത്തെ പറഞ്ഞുപറ്റിക്കുകയാണ് കേന്ദ്രം. കുടിവെള്ളവും റോഡ് സൗകര്യവുമുള്ള ഇരുന്നൂറ് ഏക്കർ നൽകിയാൽ എയിംസ് അനുവദിക്കാമെന്നായിരുന്നു കേന്ദ്രവാഗ്ദാനം. യു.ഡി.എഫ് സർക്കാർ തിരുവനന്തപുരത്തും കോട്ടയത്തും എറണാകുളത്തും കോഴിക്കോട്ടും സ്ഥലം കണ്ടെത്തി. രണ്ടുവർഷം കഴിഞ്ഞപ്പോൾ, എയിംസ് പരിഗണനയിൽ ഇല്ലെന്ന് കേന്ദ്രം നിലപാടെടുത്തു. ലോക്‌സഭയിൽ 2018ൽ ശശിതരൂർ ചോദിച്ചപ്പോൾ, അങ്ങനെയൊരു വാഗ്ദാനമില്ലെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ മറുപടി.
കോഴിക്കോട്ട് കിനാലൂരിൽ കെ.എസ്.ഐ.ഡി.സിയുടെ 200ഏക്കർ നൽകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പലവട്ടം ഡൽഹിയിലെത്തി അറിയിച്ചതാണ്. ഭൂമിയുടെ രേഖകളും അടിസ്ഥാനസൗകര്യ വികസന പദ്ധതിയുമെല്ലാം കേന്ദ്രത്തിന് കൈമാറി. കേന്ദ്രബഡ്‌ജറ്റിൽ തുക വകയിരുത്തുമെന്ന ഉറപ്പ് പലവട്ടം ലഭിച്ചെങ്കിലും നടന്നില്ല. തെലങ്കാനയിലും ജമ്മുവിലും എയിംസ് അനുവദിക്കുകയും ചെയ്‌തു. കേന്ദ്രാനുമതി ലഭിച്ചില്ലെങ്കിലും കോഴിക്കോട് കിനാലൂരിൽ ഭൂമിയേറ്റെടുക്കാൻ സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. കെ.എസ്.ഐ.ഡി.സിയുടെ കൈവശമുള്ള ഭൂമിക്കു പുറമെ നൂറേക്കർ ഭൂമിയാണ് ഏറ്റെടുക്കുക.
അതേസമയം, മധുരയിലെ എയിംസ് 2024ൽ പൂർത്തിയാവും. താത്കാലിക കാമ്പസിൽ 50 എം.ബി.ബി.എസ് സീറ്റുകളിലേക്ക് ഇക്കൊല്ലം പ്രവേശനം നടത്തും. ജപ്പാൻ അന്താരാഷ്ട്ര കോർപ്പറേഷന്റെ (ജൈക്ക) 1,977.8 കോടി രൂപ വായ്‌പയെടുത്താണ് നിർമ്മാണം.