solar

തിരുവനന്തപുരം:തലസ്ഥാന നഗരിയിലെ ആദ്യ സോളാർപാനൽ മേൽക്കൂരയുള്ള സ്റ്റേഡിയമെന്ന ബഹുമതി ഏപ്രിൽ പകുതിയോടെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന് സ്വന്തമാകും.കഴിഞ്ഞ മാർച്ചിൽ തുടങ്ങിയ സ്റ്റേഡിയം നവീകരണം ഏപ്രിൽ 20നകം പൂർത്തിയാകുമെന്നാണ് അധികൃതർ പറയുന്നത്.

ലോക്ക്ഡൗണിനെ തുടർന്ന് ഉത്തരേന്ത്യയിൽ നിന്ന് അസംസ്‌കൃത വസ്‌തുക്കളെത്താൻ വൈകിയതാണ് പണി നീണ്ടുപോകാനുള്ള കാരണം.സ്റ്റീർ ഇൻഡസ്ട്രീസ് കേരളാ ലിമിറ്റഡ് 7.5 കോടി രൂപയ്‌ക്കാണ് സ്റ്റേഡിയത്തിന്റെ ഗാലറിയിൽ സോളാർ പാനൽ സ്ഥാപിക്കുന്നത്.പാനലുകളിലൂടെ ഒരുമെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. സ്റ്റേഡിയത്തിലെ ഉപയോഗത്തിനുശേഷം ബാക്കിയുള്ള വൈദ്യുതി പുറത്തുവിറ്റാൽ സ്റ്റേഡിയത്തിന്റെ നടത്തിപ്പിന് മികച്ച വരുമാനമാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.

പാനൽ സ്ഥാപിക്കുന്നതിന്റെ സിവിൽ വർക്കുകൾ പുരോഗമിക്കുകയാണ്. അതിനുശേഷമേ ഇലക്ട്രിക് വർക്കുകൾ ആരംഭിക്കുകയുള്ളൂ. ഇൗ മാസം 20ന് സ്റ്റേഡിയത്തിൽ സ്ഥാപിക്കാനുള്ള സോളാർ പാനലുകളെത്തുമെങ്കിലും അവസാനം മാത്രമേ ഇവ സ്ഥാപിക്കൂ. 1985ൽ നെഹ്‌റു കപ്പ് ഫുട്ബാളിന്റെ സമയത്താണ് 16,​000പേർക്ക് ഇരിക്കാൻ കഴിയുന്ന ഗാലറി നിർമ്മിച്ചത്. 2015ൽ ദേശീയ ഗെയിംസ് നടന്നപ്പോൾ സിന്തറ്റിക് ട്രാക്ക് നിർമ്മിച്ച് മൈതാനവും നവീകരിച്ചു. റോഡുകൾക്ക് വീതി കൂട്ടിയപ്പോൾ മൂന്നുവശത്തെയും ഗാലറികൾ റോഡിനായി വിട്ടുനൽകേണ്ടി വന്നിരുന്നു.

ഗാലറിയുടെ താഴെയുള്ള ഓഫീസുകളിൽ മഴക്കാലത്ത് ചോർച്ച രൂക്ഷമായതോടെയാണ് മേൽക്കൂര നിർമ്മിക്കാൻ സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശമുള്ള പൊലീസ് വകുപ്പ് തീരുമാനിച്ചത്. ഷീറ്റിട്ട മേൽക്കൂരയ്‌ക്കായി രണ്ടരക്കോടി രൂപ എസ്റ്റിമേറ്റ് വന്നതോടെയാണ് സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് അധികൃതർ ചിന്തിച്ചത്. ആദ്യം സ്വകാര്യ കമ്പനിക്ക് ടെൻഡർ നൽകിയെങ്കിലും സംഗതി വിവാദമായതോടെ സർക്കാർ സ്ഥാപനമായ സിൽക്കിന് നൽകുകയായിരുന്നു.

കറണ്ട് ചാർജ് നാലുലക്ഷം

ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിനും ചുറ്റുമുള്ള കടകൾക്കും സ്റ്റേഡിയത്തിന്റെ കീഴിലുള്ള സ്‌ക്വാഷ് കോർട്ടിനും നീന്തൽക്കുളത്തിനും കൂടി പ്രതിമാസം നാലു ലക്ഷത്തോളം രൂപയാണ് കറണ്ട് ചാർജ് വരുന്നത്. സോളാർ പാനലെത്തുന്നതോടെ ഇതിൽ വലിയ മാറ്റമുണ്ടാകും.

സ്റ്റേഡിയത്തിൽ ഉത്പാദിപ്പിക്കുന്ന അധിക വൈദ്യുതി പുറത്തുനൽകുന്നതിനായി കെ.എസ്.ഇ.ബിയുടെ ലൈനുകളാണ് ഉപയോഗിക്കുന്നത്. അതിനായി കെ.എസ്.ഇ.ബിക്ക് ഒരു യൂണിറ്റിന് 2.80 പൈസ നിരക്കിൽ ട്രാൻസ്‌മിഷൻ ചാർജും വീലിംഗ് ചാർജും നൽകിയാൽ മതി.

ഫ്ളെഡ് ലൈറ്റിന് ജനറേറ്റർ മതി

കായിക മത്സരങ്ങളോ കായികമേളകളോ നടക്കുമ്പോൾ ഉപയോഗിക്കുന്ന ഫ്ളെഡ് ലൈറ്റ് പ്രവർത്തിക്കുന്നത് ജനറേറ്ററുകളുടെ സഹായത്തിലാണ്. സോളാർ പാനലുകൊണ്ട് ആ ലൈറ്റുകളും പ്രകാശിപ്പിക്കാൻ കഴിയുമെങ്കിലും നിലവിൽ അത്തരം മേളകളും മത്സരങ്ങളുമില്ലാത്തതിനാൽ ജനറേറ്റർ സൗകര്യം തുടർന്നും ഉപയോഗിക്കാനാണ് തീരുമാനം.