
നെയ്യാറ്റിൻകര: നഗരസഭ പരിധിയില്‍ പാതയോരത്ത് മാലിന്യം കത്തിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് നഗസഭ ആരോഗ്യവിഭാഗം. ടൗണിൽ ടി.ബി ജംഗ്ഷൻ, കോടതി റോഡ് പരിസരം, ആശുപത്രി ജംഗ്ഷൻ എന്നിവിടങ്ങളിലെ പാതയോരത്താണ് രാത്രികാലത്തും അതിരാവിലെയും ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കുന്നത്. വാണിജ്യസ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നും പാതയോരത്ത് നിക്ഷേപിക്കുന്ന മാംസാവശിഷ്ടങ്ങളും ഗാര്‍ഹികമാലിന്യങ്ങളും ചപ്പും ചവറുമടക്കം അശ്രദ്ധയോടെ കൂട്ടിയിട്ട് നശിപ്പിക്കുന്നത് പലപ്പോഴും അപകടങ്ങൾക്കിടയാക്കാറുണ്ട്. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കത്തിക്കുന്നതിലൂടെ രൂപപ്പെടുന്ന തീയും പുകയും ദുർഗന്ധവും സമീപവാസികള്‍ക്കും റോഡ് വഴി കടന്നുപോകുന്ന വാഹന യാത്രക്കാരെയും പ്രതികൂലമായി ബാധിക്കാറുണ്ട്. ദിവസങ്ങൾക്ക് മുമ്പ് കോടതിറോഡിന് സമീപം മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനെതിരെ സമീപത്തെ ഗാർഹിക പൈപ്പ് കണക്ഷനിൽ തീപിടിച്ച് ഉരുകിയിരുന്നു. അശ്രദ്ധയോടെയുള്ള തീയിടൽ സമീത്തായി പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾക്കും മറ്റ് കേടുപാടുകളുണ്ടായ സാഹചര്യത്തിലാണ് മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താന്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചത്. ഇതിനായി രാത്രികാലങ്ങളില്‍ സ്ക്വാഡ് അംഗങ്ങള്‍ നഗരസഭ പരിധിയില്‍ വാഹന പട്രോളിംഗ് നടത്തും. ഇത്തരത്തിൽ പിടികൂടുന്ന കുറ്റക്കാർക്കെതിരെ പിഴയടക്കമുളള കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ. ജോസ് ഫ്രാങ്ക്ലിന്‍ അറിയിച്ചു.