gold

സ്വർണ കള്ളക്കടത്തിന് ഒരു ശമനവുമുണ്ടാകാൻ പോകുന്നില്ലെന്നാണ് പുതിയ കേന്ദ്ര ബഡ്‌ജറ്റ് നൽകുന്ന സൂചന. സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് വ്യാപകമായി ആവശ്യം ഉയർന്നിരുന്നു. എന്നാൽ ധനമന്ത്രി പരിഗണിച്ചില്ല. സ്വർണ ഇറക്കുമതിയിൽ മുൻപന്തിയിലാണ് ഇന്ത്യ. കഴിഞ്ഞവർഷം 55 ബില്യൺ ഡോളർ വിലയ്‌ക്കുള്ള സ്വർണമാണ് ഇറക്കുമതി ചെയ്തത്. നേരായവഴിക്ക് ഇറക്കുമതി ചെയ്യുന്നതിനൊപ്പം വൻതോതിൽ കള്ളക്കടത്തായും സ്വർണം എത്തുന്നുണ്ട്. സ്വർണക്കടത്തിനായി മാത്രം പ്രവർത്തിക്കുന്ന വലിയൊരു അധോലോകം തന്നെ ഇതിനു പിന്നിലുണ്ട് . ഔദ്യോഗിക സംവിധാനങ്ങൾ പോലും ഇവർക്കു മുൻപിൽ പരാജയപ്പെടുന്നു. നയതന്ത്ര ചാനലിലൂടെ പോലും സ്വർണ കള്ളക്കടത്ത് നടത്തിയ അടുത്തകാലത്തെ സംഭവം മറക്കാറായിട്ടില്ല.

സ്വർണ ഇറക്കുമതിക്ക് തീരുവകളെല്ലാം ഉൾപ്പെടെ നിലവിൽ പത്തേമുക്കാൽ ശതമാനത്തോളമാണ് ഈടാക്കുന്നത്. സ്വർണവില കൂടുന്തോറും തീരുവയിനത്തിൽ നൽകേണ്ടിവരുന്ന തുകയും ഉയർന്നുയർന്നുപോകും. ഇറക്കുമതി തീരുവ നാല് ശതമാനമായി കുറച്ചാൽ കള്ളക്കടത്ത് ഒരു പരിധി വരെ നിയന്ത്രിക്കാനാകും.

കുറച്ചു വർഷങ്ങൾക്കു മുൻപ് സ്വർണ ഇറക്കുമതി തീരുവ അഞ്ച് ശതമാനമായി കുറച്ചപ്പോൾ കള്ളക്കടത്ത് ഗണ്യമായി കുറഞ്ഞകാര്യം പലരും ഓർക്കുന്നുണ്ടാവും. അഞ്ച് ശതമാനം തീരുവ അടച്ച് അഞ്ചുകിലോ വരെ സ്വർണം കൊണ്ടുവരാൻ ആർക്കും അനുവാദം നൽകിയപ്പോൾ ഇവിടെ സ്വർണവിലയിലും അതു പ്രതിഫലിച്ചിരുന്നു. വിപണിയിൽ സ്വർണത്തിന് ആവശ്യക്കാർ ഓരോ വർഷവും ഗണ്യമായി കൂടിക്കൊണ്ടിരിക്കുന്നതിനാൽ ഇറക്കുമതിയും വർദ്ധിക്കും. അതുകൊണ്ടുതന്നെ സർക്കാരിന് നിലവിലെ തീരുവ കുറച്ചാൽ പോലും വരുമാന നഷ്ടമുണ്ടാകാൻ പോകുന്നില്ല.

രാജ്യത്തു കള്ളപ്പണം കുന്നുകൂടുന്നതിന്റെ പ്രധാന സ്രോതസുകളിലൊന്ന് സ്വർണ കള്ളക്കടത്താണ്. മാഫിയാ സംഘങ്ങളുടെ വളർച്ചയ്‌ക്കൊപ്പം സമ്പദ് മേഖലയ്ക്ക് വലിയ ആഘാതങ്ങളേൽപ്പിക്കാനും അവർക്കു കഴിയുന്നു. കള്ളക്കടത്ത് സ്വർണം ആഭരണങ്ങളായി കടകളിൽത്തന്നെയാണ് എത്തുന്നത്. സ്വർണ വ്യാപാര മേഖലയിലും അതിന്റെ ദുസ്വാധീനം വളരെ പ്രകടമാണ്. നിയമാനുസൃതമായി മാത്രം കച്ചവടം നടത്തുന്നവരാണ് ഇതിന്റെ ദോഷഫലങ്ങൾ അനുഭവിക്കേണ്ടിവരുന്നത്. സംസ്ഥാനങ്ങൾക്ക് സ്വർണവ്യാപാര ഇനത്തിൽ ലഭിക്കേണ്ട നികുതിയിൽ ചോർച്ചയുണ്ടാകുന്നതിന്റെ പ്രധാന കാരണം കള്ളക്കടത്ത് സ്വർണത്തിന്റെ ദുസ്വാധീനമാണ്.

രാജ്യത്തെ പല വിമാനത്താവളങ്ങളും സ്വർണക്കള്ളക്കടത്തിന്റെ പ്രധാന കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. ഉദ്യോഗസ്ഥർ കൂട്ടുനിന്നുപോലും വൻതോതിൽ സ്വർണം എത്താറുണ്ടെന്നത് രഹസ്യമൊന്നുമല്ല. സംസ്ഥാനത്തെ ഏതെങ്കിലുമൊരു വിമാനത്തിൽ സ്വർണക്കള്ളക്കടത്തു പിടിക്കാത്ത ദിവസം അപൂർവമായിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിലേതിൽ നിന്ന് ഇവിടെ വില ഏറെ ഉയർന്ന് നിൽക്കുന്നതാണ് കള്ളക്കടത്തുകാർക്ക് ഗുണകരമാകുന്നത്. തീരുവ ഇപ്പോഴത്തേതിന്റെ പകുതിയായാൽ കള്ളക്കടത്തുകാരുടെ മാർജിനിലും ഗണ്യമായ കുറവുണ്ടാകുമെന്നതിനാൽ ഉത്സാഹം കുറയും. സമ്പദ് വ്യവസ്ഥയ്ക്കും അത് ഗുണം ചെയ്യും. ബഡ്‌ജറ്റിൽ വജ്രത്തിനും രത്നത്തിനും തീരുവ ഏഴരയിൽനിന്ന് അഞ്ച് ശതമാനമായി കുറച്ചിട്ടുണ്ട്. ഈ മാറ്റം സ്വർണത്തിനും ബാധകമാക്കണമെന്ന വ്യാപാരികളുടെ ആവശ്യം ധനമന്ത്രി പരിഗണിക്കണം. കള്ളക്കടത്ത് ഒരു പരിധിവരെ നിയന്ത്രിക്കാൻ അത് ഉപകരിക്കും.