
ചിറയിൻകീഴ്: മദ്ധ്യവേനലിനോടുക്കുന്ന സാഹചര്യത്തിലും ഉപയോഗശൂന്യമായി ഒരു ജലസ്രോതസ് നാടിനെ നൊമ്പരപ്പെടുത്തുന്നു. ചിറയിൻകീഴ് താമരക്കുളത്തിനാണ് ഈ ദുർവിധി. കുടിവെള്ളക്ഷാമം പരിഹരിക്കാനും കൃഷിക്കും മറ്റ് ആവശ്യങ്ങൾക്കുമായി നാട്ടിലെ ജലസ്രോതസുകളെ പരമാവധി സംരക്ഷിക്കാൻ ഭരണകൂടങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്ന ഈ കാലഘട്ടത്തിലാണ് വർഷങ്ങളായി ഒരു ജലസ്രോതസ് ഇത്തരത്തിൽ മാലിന്യങ്ങളേറ്റുവാങ്ങി നശിച്ചുകൊണ്ടിരിക്കുന്നത്. നാടിന്റെ പ്രധാന ജലസ്രോതസായിരുന്ന ഈ കുളത്തിനെ വർഷങ്ങൾക്ക് മുൻപ് കൃഷിക്കായി ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് ഏറ്റെടുത്തിരുന്നു. അതിന്റെ ഭാഗമായി ചുറ്റുമതിലും കൽപ്പടവുകളും കെട്ടി അടയ്ക്കുകയും കൃഷി ആവശ്യത്തിന് ഉപയോഗിക്കാനായി സമീപത്തെ വയലിലേക്ക് കുളത്തിൽ നിന്ന് ഓട നിർമ്മിക്കുകയും ചെയ്തിരുന്നു. എന്നാൽ കൃഷിയിടങ്ങൾ നികത്തുകയും കുളത്തിന് സമീപത്തുകൂടി റോഡ് വരികയും ചെയ്തതോടെ ഓട അടഞ്ഞു. ഇതോടെ വെള്ളം ഒഴുകി പോകാൻ ഇടമില്ലാതെ ഏകദേശം അര ഏക്കറോളം വരുന്ന താമരക്കുളം നാശത്തിന്റെ വക്കിലായി.