
മലയിൻകീഴ്: അശ്രദ്ധമായ രീതിയിൽ പ്രധാന ജംഗ്ഷനുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നു. മലയിൻകീഴ് ജംഗ്ഷനിൽ റോഡിന് ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പതിവായിട്ടുണ്ട്. പലപ്പോഴുമിത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും ഇടയാക്കാറുണ്ടെങ്കിലും ബന്ധപ്പെട്ട അധികാരികൾ ഇടപെടാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് മലയിൻകീഴ് ക്ഷേത്ര റോഡിന് സമീപത്ത് ബസ് സ്റ്റോപ്പ് സ്ഥാപിച്ചെങ്കിലും കെ.എസ്.ആർ.ടി.സി.ബസ് വാശി പോലെ ഇപ്പോഴും ജംഗ്ഷനിലെ നിറുത്താറുള്ളൂ. ചെക്കിംഗ് ഇൻസ്പെക്ടർ ഉണ്ടായിരുന്ന കാലത്ത് രാവിലെ 8 മണി മുതൽ 10 വരെ ക്ഷേത്ര ജംഗ്ഷനിൽ കാട്ടാക്കട നിന്നുള്ള ബസുകൾ നിറുത്തുമായിരുന്നു. എന്നാലിപ്പോൾ ചെക്കിംഗ് ഇൻസ്പെക്ടറെ കാണാറില്ലെന്നാണ് പരാതി. ബസ് സ്റ്റോപ്പിന് കൃത്യത ഇല്ലാത്തതിനാൽ യാത്രക്കാർ ബസ് പിടിക്കാനുള്ള ഓട്ടവും പതിവാണിവിടെ. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും അപകട സാദ്ധ്യത കുറയ്ക്കുന്നതിനുമായി ജംഗ്ഷനുകളിൽ സ്ഥാപിച്ചിട്ടുള്ള നോ-പാർക്കിംഗ് ബോർഡ് നോക്കുകുത്തിയാക്കിയാണ് വാഹന പാർക്കിംഗ് നടത്തുന്നത്. മലയിൻകീഴ്, മാറനല്ലൂർ,വിളപ്പിൽ,വിളവൂർക്കൽ എന്നീ പഞ്ചായത്ത് പ്രദേശങ്ങളിൽ നോ-പാർക്കിംഗ് ബോർഡിന്റെ കീഴേ വാഹനം പാർക്ക് ചെയ്യുന്നത് പതിവായിട്ടുണ്ട്.
ഗതാഗത കുരുക്കിൽ മാറനല്ലൂർ
പോങ്ങുംമൂട്, മാറനല്ലൂർ, കണ്ടല തുടങ്ങിയ സ്ഥലങ്ങളിൽ റോഡിനിരുവശത്തും ട്രാഫിക് നിയമം കാറ്റിൽ പറത്തിയാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. റോഡിന് വീതിയുണ്ടെങ്കിലും പേയാട് ജംഗ്ഷനിലെ ഗതാഗതക്കുരുക്കും പതിവായിട്ടുണ്ട്. റോഡ് വീതി കൂട്ടിയതോടെ ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ റോഡിന് ഇരുവശത്തുമായിട്ടാണ് പാർക്ക് ചെയ്യാറുള്ളത്. ഈ റോഡിൽ നിരനിരയായി ചെറുതും വലുതുമായ വാഹനങ്ങൾ എപ്പോഴുമുണ്ടാകും. പൊലീസ് സ്ഥലത്ത് ഉണ്ടാകുമെങ്കിലും അവർ ഇതൊന്നും കണ്ടില്ലെന്ന മട്ടിലായിരിക്കും.
ശ്വാസംമുട്ടി വിളവൂർക്കലും
മലയം,പൊറ്റയിൽ,ചൂഴാറ്റുകോട്ട,പെരുകാവ് തുടങ്ങിയ വിളവൂർക്കൽ പഞ്ചായത്ത് പ്രദേശത്തും അനധികൃത പാർക്കിംഗ് വ്യാപകമായിട്ടുണ്ട്. വൻ തുക പ്രതിദിന വാടക ഈടാക്കുന്ന മാറനല്ലൂർ പുന്നാവൂർ റോഡിലെ സ്വകാര്യ കല്യാണമണ്ഡപത്തിൽ എത്തുന്നവർ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് തിരക്കേറിയ റോഡിനിരുവശത്തുമാണ്. മാറനല്ലൂർ പുന്നാവൂർ റോഡിൽ ഹയർ സെക്കൻഡറി സ്കൂളിനും പൊലീസ് സ്റ്റേഷനും സമീപത്തായി ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കടത്തിവിടാതെ അനധികൃത പാർക്കിംഗ് അടുത്തിടെ നടന്നത് വൻ വിവാദത്തിന് ഇടയാക്കിയിരുന്നു.