pwd

തിരുവനന്തപുരം: ടാറിംഗിനും മറ്റുമുള്ള ഉപകരണങ്ങൾ വാങ്ങുന്നതിന് പകരം വാടകയ്‌ക്കെടുക്കുന്ന ഹയർ പോളിസിയിലേക്ക് പൊതുമരാമത്ത് വകുപ്പ് ചുവടുമാറുന്നു. കോടികൾ മുതൽ മുടക്കി വാങ്ങിയ റോഡ് റോളറുകളും ടാർ മിക്സിംഗ് പ്ളാന്റുകളുമടക്കമുള്ള ഉപകരണങ്ങൾ നശിക്കുന്നതിന്റെ പേരുദോഷം ഒഴിവാക്കാനാണ് പദ്ധതി.

സംസ്ഥാനത്തെ മിക്ക പൊതുമരാമത്ത് ഓഫീസുകളിലും റോളറുകളടക്കമുള്ള ഉപകരണങ്ങൾ കാലപ്പഴക്കവും സൂക്ഷ്മതക്കുറവും കാരണം കണ്ടം ചെയ്യേണ്ട നിലയിലാണ്. പൊതുമരാമത്ത് ചരിത്രത്തിലാദ്യമായി മുൻ സ‌ർക്കാർ കാൽക്കോടിയിലധികം രൂപയ്‌ക്ക് പട്ടം പൊതുമരാമത്ത് ഓഫീസിൽ വാങ്ങിയ പോട്ട് ഹോൾ മെഷീനാണ് ഒടുവിലത്തെ ഇര. ടിപ്പർ ലോറിയ്ക്ക് സമാനമായ വാഹനത്തിലെ കുഴി അടയ്ക്കൽ യന്ത്രത്തിന്റെ അറ്റകുറ്റപ്പണിക്ക് പൊതുമരാമത്ത് വകുപ്പ് സമീപിച്ചപ്പോൾ കമ്പനി പൂട്ടിപ്പോയിരുന്നു. ഇതേത്തുടർന്നാണ് വൻതുകയ്ക്ക് ഇത്തരം ഉപകരണങ്ങൾ വാങ്ങേണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചത്. പോട്ട് ഹോൾ മെഷീൻ ലേലം ചെയ്ത് ഖജനാവിലേക്ക് മുതൽക്കൂട്ടുക മാത്രമാണ് സർക്കാരിന് മുന്നിലുള്ള വഴി.

ഓരോ വർഷവും നിർമ്മാണത്തിലുണ്ടാകുന്ന വ്യത്യാസമനുസരിച്ച് ഉപകരണങ്ങളുടെ രൂപത്തിലും പ്രവർത്തനത്തിലും മാറ്റമുണ്ടാകും. ഈ തിരിച്ചറിവും ഉപകരണങ്ങളുടെ വാർഷിക അറ്റകുറ്റപ്പണികളും ഡ്രൈവർമാരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളുമടക്കമുള്ള അധിക ബാദ്ധ്യത ഒഴിവാക്കുന്നതിനാണ് ഉപകരണങ്ങളുള്ള കരാറുകാർക്ക് ജോലി നൽകുകയോ സാധനങ്ങൾ വാടകയ്ക്കെടുത്ത് നൽകുകയോ ചെയ്യാൻ തീരുമാനിച്ചത്.

നിർമ്മാണ ഉപകരണങ്ങൾ

 മോട്ടോർ ഗ്രേഡർ

 ടാർമിക്സിംഗ് പ്ളാന്റ്

 അസ്‌ഫാൾട്ട് പേവർ

 റോഡ് റോളർ മെഷീൻ

 എക്‌സ്‌കവേറ്റർ

 വീൽ ലോഡർ

 ട്രക്ക് ക്രെയിൻ

 ഫോർക്ക് ലിഫ്റ്റ്

(മിക്ക കരാറുകാരും ഇത്തരം ഉപകരണങ്ങൾ സ്വന്തമായുള്ളവരോ വാടകയ്ക്കെടുക്കാൻ ശേഷിയുള്ളവരോ ആണ്. കരാറുകാരുടെ ഉപകരണങ്ങളുപയോഗിച്ചാൽ സൂക്ഷിക്കുന്നതിനും മെയിന്റനൻസിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള ചെലവുകൾ ഒഴിവാക്കാമെന്നാണ് സർക്കാരിന് പൊതുമരാമത്ത് വകുപ്പ് നൽകിയിരിക്കുന്ന ശുപാർശ)​.

'പൊതുമരാമത്ത് വകുപ്പിന് അധിക ബാദ്ധ്യതയും നഷ്ടവും ഒഴിവാക്കാനാണ് കോടികൾ മുടക്കി ഉപകരണങ്ങൾ പർച്ചേയ്സ് ചെയ്യുന്ന നടപടി വേണ്ടെന്നുവച്ചത്. പൊതുമരാമത്ത് നയമനുസരിച്ച് ഹയർ പോളിസിയെ പ്രോത്സാഹിപ്പിക്കാനാണ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് നിർമ്മാണ ഉപകരണങ്ങൾ വാടകയ്‌ക്ക് ലഭ്യമാക്കാനുള്ള തീരുമാനമുണ്ടായത്".

- ചീഫ് എൻജിനിയർ,​ പൊതുമരാമത്ത് വകുപ്പ്.