
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പിടാത്ത സാഹചര്യത്തിൽ നിയമസഭാസമ്മേളനം ചേരുന്നതിൽ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനമെടുത്തില്ല. സമ്മേളനം നിശ്ചയിച്ചാൽ ഓർഡിനൻസ് നിലനിൽക്കില്ല. ഈ മാസം 9ന് മന്ത്രിസഭായോഗം സമ്മേളന ഷെഡ്യൂൾ നിശ്ചയിച്ച് ഗവർണറോട് ശുപാർശ ചെയ്‌തേക്കും. അതിന് മുമ്പ് ഓർഡിനൻസിൽ ഗവർണർ ഒപ്പുവയ്ക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ യു.എ.ഇയിൽ നിന്ന് ഈ മാസം ആറിന് എത്തിയശേഷം ഗവർണറുമായി ആശയവിനിമയം നടത്തിയേക്കാം.
നിയമസഭ ഈ മാസം 18ന് തന്നെ ചേരാനാണ് ആലോചന. സി.പി.എം സംസ്ഥാന സമ്മേളനം മാർച്ച് ഒന്നു മുതൽ നാലുവരെ എറണാകുളത്ത് നടക്കുന്നതിനാലും മാർച്ച് 31ന് മുമ്പ് ബഡ്ജറ്റ് അവതരിപ്പിക്കേണ്ടതിനാലും അതനുസരിച്ചുള്ള ക്രമീകരണമാണ് ആലോചിക്കുന്നത്. നിയമസഭ വിളിക്കാൻ 15 ദിവസം മുമ്പ് ഗവർണറോട് ശുപാർശ ചെയ്യാൻ ചട്ടമുണ്ടെങ്കിലും അത്യാവശ്യ സന്ദർഭങ്ങളിൽ ഇളവാകാം. ചുരുങ്ങിയ സമയത്തിൽ സഭ വിളിച്ചുകൂട്ടിയ കീഴ്‌വഴക്കങ്ങളുമുണ്ട്. 9ന്റെ മന്ത്രിസഭായോഗം കൊവിഡ് മൂന്നാംതരംഗവും വിലയിരുത്തിയാകും സമ്മേളന തീയതി തീരുമാനിക്കുക. 18ന് ചേർന്നില്ലെങ്കിൽ 25ന് തുടങ്ങും. ഗവർണറുടെ നയപ്രഖ്യാപനത്തോടെ വേണം സഭാസമ്മേളനം ആരംഭിക്കാൻ. അന്തരിച്ച പി.ടി. തോമസിന് ആദരാഞ്ജലി അർപ്പിച്ച്, പിറ്റേന്ന് പിരിയും.
സി.പി.എം സംസ്ഥാന സമ്മേളനത്തിനും കൊവിഡ് പശ്ചാത്തലത്തിൽ അനിശ്ചിതത്വമുണ്ട്. ഫെബ്രുവരി പകുതിയോടെ കൊവിഡ് വ്യാപനം വിലയിരുത്തിയാകും അന്തിമ തീരുമാനമെന്ന് സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരത്തേ അറിയിച്ചിരുന്നു. പാർട്ടി സമ്മേളന ഷെഡ്യൂൾ മാറിയാൽ നിയമസഭാസമ്മേളന ഷെഡ്യൂളും മാറും.
ബഡ്ജറ്റ് മാർച്ച് 11ന്?
മിക്കവാറും മാർച്ച് 11നാകും ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബഡ്ജറ്റ് അവതരിപ്പിക്കുക. ബഡ്ജറ്റ് ചർച്ച പൂർത്തിയാക്കി നാല് മാസത്തേക്കുള്ള വോട്ട് ഓൺ അക്കൗണ്ട് പാസാക്കി സഭ തൽക്കാലം പിരിയും. മാർച്ച് 24നും 25നും ദേശീയ പണിമുടക്കാണ്. അതിനു മുമ്പ് നടപടികൾ പൂർത്തിയാക്കിയേക്കും. പിന്നീട് ജൂണിലോ ജൂലായിലോ സഭ ചേർന്ന് പൂർണ ബഡ്ജറ്റ് പാസാക്കും.
തീരുമാനമെടുക്കാതെ ഗവർണർ
ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമഭേദഗതി ഓർഡിനൻസിന്മേൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്ന് ഇന്നലെയും തീരുമാനമൊന്നുമുണ്ടായില്ല. ലക്ഷദ്വീപ് പര്യടനത്തിന് ശേഷം കഴിഞ്ഞ ദിവസം രാജ്ഭവനിൽ തിരിച്ചെത്തിയ ഗവർണർ സർക്കാരിന്റെ വിശദീകരണമടക്കം വിശദമായി പരിശോധിച്ചു. നിയമോപദേശം തേടണോ എന്ന കാര്യത്തിൽ ഇതുവരെ അദ്ദേഹം തീരുമാനമെടുത്തിട്ടില്ലെന്നാണ് അറിയുന്നത്.
കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ പുനർ നിയമന കാര്യത്തിൽ തിരക്കിട്ട് ഒറ്റദിവസം കൊണ്ട് തീരുമാനമെടുത്തത് വിവാദമായതിനാലാണ് ഗവർണർ ഇക്കാര്യത്തിൽ സാവകാശമെടുക്കുന്നതെന്നും സൂചനയുണ്ട്. ഓർഡിനൻസിനെതിരെ പ്രതിപക്ഷം ഉന്നയിച്ച വാദങ്ങളെല്ലാം അക്കമിട്ട് തള്ളിക്കൊണ്ട് കഴിഞ്ഞ ദിവസമാണ് സർക്കാരിന്റെ വിശദീകരണം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് രാജ്ഭവനിലെത്തിച്ചത്. വിശദമായി കാര്യങ്ങൾ പരിശോധിച്ച ശേഷം ഓർഡിനൻസിന് ഗവർണർ അനുമതി നൽകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.
ഓർഡിനൻസ് ഗവർണർ നിരാകരിച്ച് തിരിച്ചയച്ചാലും മന്ത്രിസഭാ തീരുമാനമെടുത്ത് വീണ്ടും നൽകിയാൽ ഗവർണർക്ക് അംഗീകരിക്കേണ്ടിവരും. അതിനിടയിൽ നിയമസഭാ സമ്മേളനം ചേരുന്ന കാര്യത്തിലും സർക്കാരിന് തീരുമാനമെടുക്കേണ്ടതുണ്ട്. ഈ സ്ഥിതിക്ക് ഓർഡിനൻസിന്മേൽ തീരുമാനം നീണ്ടുപോകുന്നത് സർക്കാരിനെയും ബുദ്ധിമുട്ടിലാക്കും.