
കോവളം: ഒരുകൂട്ടം ചെറുപ്പക്കാരുടെ സന്നദ്ധ സേവനത്തിൽ വിരിഞ്ഞത് വെള്ളായണി കായലിന്റെ മനോഹാരിത. വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ പരിസ്ഥിതി സംഘടനയായ നീർത്തടാകത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു കായൽ ശുചീകരണം. ദിനത്തോടനുബന്ധിച്ച് കായൽ ഫോട്ടോഗ്രാഫർ സന്തോഷിന്റെ ഫോട്ടോകളുടെ പ്രദർശനവും സംഘടിപ്പിച്ചു. നീർത്തടാകം സംഘടനയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ രണ്ട് വർഷമായി കായലിൽ നിന്ന് അഞ്ഞൂറോളം ലോഡ് പോളകളും ആഫ്രിക്കൻ പായലുകളുമാണ് നീക്കം ചെയ്തത്.
കായലിന്റെ പലഭാഗവും ഇപ്പോൾ പായലും പുല്ലും വളർന്ന് മൂടപ്പെട്ട അവസ്ഥയിലാണ്. വെള്ളത്തിനാണെങ്കിൽ ദുർഗന്ധവുമുണ്ട്. കായലിലെ പായലിന്റെ മൂട് അഴുകിയാണ് വെള്ളത്തിന് ദുർഗന്ധം ഉണ്ടാകുന്നതെന്നാണ് വിശദീകരണം. പായൽ അഴുകുന്നത് വെള്ളത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കുമെന്നും ഇത് കായലിലെ ജൈവ ആവാസ വ്യവസ്ഥയ്ക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്നും കായലിലെ മത്സ്യ സമ്പത്ത് കുറയാൻ ഇത് കാരണമാകുമെന്നും വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ പറഞ്ഞു.