ആറ്റിങ്ങൽ: ആറ്റിങ്ങൽ കിഴക്കേ നാലുമുക്ക് മുതൽ കച്ചേരി ജംഗ്ഷൻ വരെ റോഡ് സൈഡിലെ വ്യാപാര സ്ഥാപനങ്ങളിൽ വരുന്ന ഇരുചക്ര വാഹനങ്ങൾക്ക് ട്രാഫിക് എസ്.ഐയുടെ നേതൃത്വത്തിൽ പിഴ ഈടാക്കുന്നത് വിവാദമാകുന്നു.
ഇതു സംബന്ധിച്ച് കട ഉടമകളും ഇരുചക്ര വാഹന ഉടമകളും തമ്മിൽ വാക്കേറ്റമുണ്ടാകുന്നത് പതിവായിട്ടുണ്ട്. ആറ്റിങ്ങൽ നഗരസഭയുടെ അനുമതിയോടെയാണ് പിഴ ചുമത്തുന്നതെന്നാണ് പൊലീസിന്റെ വാദം. എന്നാൽ ലൈസൻസെടുത്ത് കട നടത്തുന്നവരെ സംരക്ഷിക്കുന്നതിന് പകരം അവരുടെ അന്നം മുട്ടിക്കുന്ന രീതിയാണ് ആറ്റിങ്ങലിൽ നടക്കുന്നതെന്ന് വ്യാപാരികൾ പറഞ്ഞു. ഇരുചക്ര വാഹനങ്ങൾ കടകൾക്ക് മുന്നിൽ നിറുത്തി സാധനം വാങ്ങി പോകുന്നത് ട്രാഫിക് തടസങ്ങൾ ഉണ്ടാക്കാറില്ല. എന്നാൽ മുന്തിയതരം കാറുകൾ റോഡ് സൈഡിൽ മണിക്കൂറുകളോളം നിറുത്തിയിടുന്നതിന് പിഴ ഈടാക്കാറില്ലെന്നും ആരോപണമുണ്ട്.
ഈ ഭാഗത്തെ കടകളിൽ വരുന്ന ഇരുചക്ര വാഹനങ്ങൾ എവിടെ പാർക്ക് ചെയ്യണമെന്ന് നഗരസഭ വ്യക്തമാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. നാലുവരിപ്പാത വികസനത്തിന് ഫ്രീയായി സ്ഥലം വിട്ടുകൊടുത്തവരാണ് ആറ്റിങ്ങലിലെ വ്യാപാരികൾ. വിട്ടുകൊടുത്ത സ്ഥലം കഴിഞ്ഞ് നിർമ്മാണം നടത്താമെന്ന വ്യവസ്ഥയിലാണ് പലരും സ്ഥലം വിട്ടുനൽകിയത്. എന്നാൽ ഇപ്പോൾ അവരുടെ അന്നം മുട്ടുന്ന രീതിയാണ് അധികാരികൾ കൈക്കൊള്ളുന്നത്. ഓട്ടോ - കാർ മുതലായവ കടകൾക്ക് മുന്നിൽ പാർക്ക് ചെയ്യരുതെന്ന് കടയുടമകൾ തന്നെ വിലക്കുന്നുണ്ട്. എന്നാൽ ഗതാഗതപ്രശ്നം സൃഷ്ടിക്കാതെ ഇരുചക്ര വാഹനങ്ങൾ അല്പനേരം പാർക്ക് ചെയ്യരുതെന്ന് വിലക്കുന്നത് ജനദ്രോഹമാണെന്നും അത് തിരുത്തണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. ഇനിയും ഇത്തരം നടപടി തുടരുകയാണെങ്കിൽ ശക്തമായ സമര പരിപാടികൾ ആവിഷ്കരിക്കുമെന്ന് വ്യാപാരികൾ പറഞ്ഞു.