ആറ്റിങ്ങൽ: പ്രൈവറ്റ് ബസ്സുകളിൽ വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകണമെന്നാവശ്യപ്പെട്ട് എ.ഐ.എസ്.എഫ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ ആർ.ടി ഓഫീസർക്ക് പരാതി നൽകി. ആറ്റിങ്ങൽ, വർക്കല, കിളിമാനൂർ, ചിറയിൻകീഴ് എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ യാത്രചെയ്യുന്നത് പ്രൈവറ്റ് ബസ്സുകളിലാണ്. വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകുന്നില്ല. ഫുൾ ടിക്കറ്റ് എടുത്താണ് വിദ്യാർത്ഥികൾ യാത്ര ചെയ്യുന്നത്. പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഉൾപ്പെടെ നടക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ വിദ്യാർത്ഥികളെ ചൂഷണം ചെയ്യുന്ന പ്രൈവറ്റ് ബസ് ജീവനക്കാരെ നിലയ്ക്ക് നിറുത്തണമെന്നും അടിയന്തരമായി കൺസഷൻ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. പ്രൈവറ്റ് ബസിലെ കൺസഷൻ പുനസ്ഥാപിച്ചില്ലെങ്കിൽ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് നവീനും സെക്രട്ടറി ശ്രീദത്തും ആർ.ടി ഓഫീസർക്ക് നൽകിയ പരാതിയിൽ പറയുന്നു.