train

തിരുവനന്തപുരം: അത്യാധുനിക സൗകര്യങ്ങളുമായി 180കിലോമീറ്റർ വേഗതയിൽ കുതിക്കാനാവുന്ന വന്ദേഭാരത് ട്രെയിനുകൾ കേരളത്തിന് അനുവദിച്ചാലും ട്രാക്കുകളിലെ വളവുകളിൽ കുരുങ്ങി ഇതിന്റെ പകുതി വേഗത്തിൽ പോലും ഓടാനാവില്ല. നിലവിലെ റെയിൽപാതയുടെ 36ശതമാനവും വളവുകളിലാണ്. ആകെ 626വളവുകളുണ്ട്. നഗരമദ്ധ്യത്തിലാണ് വളവുകളിലേറെയും. വേഗം കൂടണമെങ്കിൽ ട്രാക്കുകൾ പുതുക്കിപ്പണിയുകയും നിരവധി സ്റ്റേഷനുകൾ മാറ്റിസ്ഥാപിക്കുകയും വേണം. ഇതിന് 10 മുതൽ 20 വർഷം വരെ വേണ്ടിവന്നേക്കും.

180കിലോമീറ്റർ വരെ വേഗത കൈവരിക്കാനാവുന്ന വന്ദേഭാരത് ട്രെയിനിന്റെ പ്രഖ്യാപിത വേഗത 160കിലോമീറ്ററാണ്. നിലവിൽ എറണാകുളം-ഷൊർണൂർ പാതയിൽ 80കിലോമീറ്ററും ഷൊർണൂർ-മംഗലാപുരം പാതയിൽ 110കിലോമീറ്ററുമാണ് ശരാശരി വേഗം. കേരളത്തിലെ ട്രാക്കുകളിൽ പരമാവധി അനുവദനീയമായ വേഗത 80മുതൽ 110 കിലോമീറ്റർ വരെയാണ്. ജനശതാബ്ദി, രാജധാനി ട്രെയിനുകളെപ്പോലെ ഇതേ വേഗതയിലാവും കേരളത്തിലും വന്ദേഭാരത് ട്രെയിനുകളോടുക. മറ്റുചില ട്രെയിനുകൾ പിടിച്ചിട്ട് വന്ദേഭാരത് കടത്തിവിടേണ്ട സ്ഥിതി വരും.

സാധാരണ ട്രെയിനുകളിലേതുപോലെ വന്ദേഭാരതിൽ എൻജിൻ കോച്ചില്ല. പകരം ഒന്നിടവിട്ടുള്ള കോച്ചുകൾക്കടിയിൽ 250കിലോവാട്ട് ശേഷിയുള്ള നാല് ട്രാക്ഷൻ മോട്ടോറുകളാണുള്ളത്. മെട്രോയിലുള്ള ഇലക്ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റിന് സമാനമായ പ്രവർത്തനമാണിതിന്. ഇതിലൂടെ വേഗത കൈവരിക്കാനും നിറുത്താനും എളുപ്പമായതിനാൽ യാത്രയ്ക്ക് 10ശതമാനം സമയം കുറയും. പൂർണമായി ശീതീകരിച്ച ട്രെയിനുകളിൽ 16കോച്ചുകളുണ്ടാവും. രണ്ട് എക്സിക്യുട്ടീവ് കോച്ചുകളിൽ 52സീറ്റുകൾ വീതം. ഇതിന് നിരക്കുയരും. മറ്റു കോച്ചുകളിൽ 72സീറ്റുകളാണുള്ളത്.

 75 വന്ദേഭാരത്

മൂന്നുവർഷത്തിനകം 400വന്ദേഭാരത് ട്രെയിനുകളോടിക്കുമെന്നാണ് കേന്ദ്രബഡ്ജറ്റിലെ പ്രഖ്യാപനം. ആസാദി കി അമൃത് മഹോത്സവിന്റെ ഭാഗമായി 75ആഴ്ച കൊണ്ട് 75വന്ദേഭാരത് ട്രെയിനുകളോടിക്കും. അടുത്തവർഷം അവസാനത്തോടെ 75ട്രെയിനുകളുടെ നിർമ്മാണം പൂർത്തിയാവും. വരുന്ന മാർച്ച് മുതൽ പുതിയ ട്രെയിനുകൾ ഓടിത്തുടങ്ങും.

500കിലോമീറ്റർ ദൈർഘ്യമുള്ള സർവീസുകൾക്ക് ചെയർകാർ മാത്രമുള്ള ട്രെയിനുകളാണ് നിലവിൽ ഉപയോഗിക്കുന്നത്. എ.സി സ്ലീപ്പർ കോച്ചുകളോടെ രാത്രികാല യാത്രയ്ക്ക് ഉപയോഗിക്കാവുന്നതാണ് പുതിയ ട്രെയിനുകൾ. 2018ൽ നൂറുകോടിയായിരുന്നു നിർമ്മാണച്ചെലവ്. ഭാരം കുറഞ്ഞ പുതിയ ട്രെയിനുകൾക്ക് ചെലവ് ഗണ്യമായി കുറയും. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലും ഉത്തർപ്രദേശ് റായ്ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറിയിലുമാണ് വന്ദേഭാരത് ട്രെയിനുകൾ നിർമ്മിക്കുന്നത്.

നമ്മുടെ പ്രതീക്ഷ 5

ഏറ്റവുമധികം യാത്രക്കാരും വരുമാനവുമുള്ള തിരുവനന്തപുരം-മംഗളൂരു, തിരുവനന്തപുരം-എറണാകുളം, എറണാകുളം-ബംഗളൂരു, ചെന്നൈ-എറണാകുളം, കണ്ണൂർ-തിരുവനന്തപുരം റൂട്ടുകളിൽ വന്ദേഭാരത് അനുവദിച്ചേക്കാനിടയുണ്ട്. ദക്ഷിണറെയിൽവേയിൽ ഏറ്റവുമധികം വരുമാനമുള്ള റൂട്ടുകളാണിത്.

വരുന്നത് കിടിലം, തദ്ദേശീയം

1. കറങ്ങുന്ന സീറ്റുകളും മോഡുലർ ബയോ ടോയ്‌ലെറ്റും വിശാലമായ ജനലുകളും സ്ലൈഡിംഗ് ഡോറുകളുമാണ് വന്ദേഭാരതിന്. മികച്ച സീറ്റുകൾ, ഇന്റീരിയറുകൾ, ഓട്ടോമാറ്രിക് ഡോറുകൾ. തദ്ദേശീയമായി നിർമ്മിച്ചവയാണിവ.

2. പുഷ്ബാക്ക് സംവിധാനമുള്ള സീറ്റുകൾ, ബാക്ടീരിയ രഹിതമായ എയർകണ്ടിഷനിംഗ്, കേന്ദ്രീകൃത കോച്ച് മോണിട്ടറിംഗ്, ഓരോ കോച്ചിലും നാല് എമർജൻസി വാതിലുകൾ. ബോഗിക്കടിയിലേക്ക് വെള്ളം കയറാത്ത ഡിസൈൻ, എമർജൻസി ലൈറ്റുകൾ, പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം എന്നിവയുമുണ്ട്.

"നിലവിലെ ട്രാക്കുകളിൽ എക്സ്‌പ്രസ് ട്രെയിനുകളുടെ ശരാശരിവേഗം 45കിലോമീറ്ററാണ്. ജനശതാബ്ദി, രാജധാനി ട്രെയിനുകളെക്കാൾ വേഗത്തിൽ വന്ദേഭാരത് കേരളത്തിൽ ഓടിക്കാനാവില്ല."

വി.അജിത്കുമാർ

എം.ഡി, കെ-റെയിൽ