
തിരുവനന്തപുരം: വിഷരഹിത പച്ചക്കറി വിളയിച്ചെടുക്കാൻ വീട്ടുമുറ്റത്ത് മണ്ണില്ലാത്തതിനാൽ കഴിയാതെ കാർഷിക സ്വപ്നം മനസിൽ സൂക്ഷിച്ചിരുന്ന നഗരവാസികളെ പച്ചക്കറി കൃഷിയിലേക്ക് കൈപിടിച്ചുനടത്താൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോർട്ടികൾച്ചർ റിസർച്ച് രൂപപ്പെടുത്തിയ വെർട്ടിക്കൽ ഗാർഡനിംഗ് രീതി ഹിറ്റ്ചാർട്ടിൽ ഇടം നേടുന്നു. ഒരു സ്‌ക്വയർ മീറ്റർ വിസ്തൃതിയിലുള്ള ഇരുമ്പ് സ്ട്രക്ചറിൽ 16 ചെടിച്ചട്ടികൾ സ്ഥാപിച്ച് അതിൽ വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ വിളയിച്ചെടുക്കാൻ സാധിക്കുന്ന അർക്ക വെർട്ടിക്കൽ ഗാർഡനാണ് ജനപ്രിയമാകുന്നത്. അടുക്കളയ്ക്കായി അടുക്ക് കൃഷി എന്ന പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ സെക്രട്ടേറിയറ്റ്, നിയമസഭ അടക്കമുള്ള 10 സർക്കാർ സ്ഥാപനങ്ങളിൽ സ്ഥാപിച്ചുകഴിഞ്ഞു. 75 ശതമാനം സർക്കാർ സബ്സിഡിയോടെയാണ് വെർട്ടിക്കൽ ഗാർഡൻ യൂണിറ്റ് നഗരവാസികൾക്ക് നൽകുന്നത്. ഈ സ്ട്രക്ചറുകൾ ഒരു സ്‌ക്വയർ മീറ്റർ വിസ്തൃതിയിൽ സൂര്യപ്രകാശം യഥേഷ്ടം ലഭിക്കുന്ന സ്ഥലത്ത് സ്ഥാപിക്കാം. ഈ സ്ട്രക്ചറിൽ ചക്രങ്ങൾ ഘടിപ്പിച്ചിരിക്കുന്നതിനാൽ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റി വയ്ക്കാനാവും. ഇതിൽ 16 ചെടിചട്ടികൾ, 80 കിലോ ഭാരമുള്ള പരിപോഷിപ്പിച്ച നടീൽ വസ്തു (സമ്പുഷ്ടീകരിച്ച ചകിരിച്ചോർ), 25 ലിറ്റർ സംഭരണ ശേഷിയുളള തുള്ളിനന സൗകര്യം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു യൂണിറ്റിന്റെ കാലാവധി 15 വർഷം വരെയാണ്.
ഒരു യൂണിറ്റിന് 24,000 രൂപയാണ് ചെലവ്. ഇതിന്റെ 25 ശതമാനം 6,000 രൂപമാത്രം ഗുണഭോക്തൃ വിഹിതമായി നൽകണം.
340 യൂണിറ്റുകൾ സ്ഥാപിക്കും
ഈ സാമ്പത്തിക വർഷം സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ 340 അർക്ക വെർട്ടിക്കൽ ഗാർഡൻ യൂണിറ്റുകൾ കേരളത്തിൽ സ്ഥാപിക്കും. ഇവയിൽ 10 യൂണിറ്റുകൾ പൊതുമേഖലാ, സർക്കാർ സ്ഥാപനങ്ങളിൽ സൗജന്യമായും, 330 യൂണിറ്റുകൾ സ്വകാര്യ വ്യക്തികൾക്ക് സബ്സിഡി നിരക്കിലും നൽകും. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ നഗരപരിധിയിലുളള പ്രദേശങ്ങളിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
നിയമസഭാ വളപ്പിൽ വെർട്ടിക്കൽ ഗാർഡൻ
നിയമസഭാ വളപ്പിൽ സ്ഥാപിച്ച വെർട്ടിക്കൽ ഗാർഡനിൽ ചെടിനട്ട് നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണിക്കൃഷ്ണൻ നായർ പദ്ധതി ഉദ്‌ഘാടനം ചെയ്തു. സ്റ്റേറ്റ് ഹോർട്ടികൾച്ചറൽ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ സിന്ധു, അസിസ്റ്റന്റ് ഡയറക്ടർ ഗീത എന്നിവർ പങ്കെടുത്തു
പ്രതികരണം
പൊതുജനങ്ങൾക്ക് യൂണിറ്റ് വാങ്ങുന്നതിനായി ഓൺലെെനിൽ 15 ന്ശേഷം അപേക്ഷ സ്വീകരിച്ചുതുടങ്ങും.
ഷെർളി ജോസഫ്, അഡിഷണൽ
ഡയറക്ടർ, ഹോർട്ടികൾച്ചർ മിഷൻ