
തിരുവനന്തപുരം: പ്രീ പ്രൈമറി അദ്ധ്യാപകർക്കും ഹെൽപ്പർമാർക്കും ഓണറേറിയം നൽകേണ്ടെന്ന സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് അദ്ധ്യാപക സംഘടനയായ എ.കെ.എസ്.ടി.യു ജില്ലകൾ തോറും കൺവെൻഷൻ സംഘടിപ്പിക്കുന്നു.
2012 ജൂലായ്ക്കു ശേഷം നിയമിതരായ പ്രീപ്രൈമറി അദ്ധ്യാപകർക്കും ഹെൽപ്പർമാർക്കുമാണ് ഓണറേറിയം നൽകേണ്ടെന്ന് കഴിഞ്ഞമാസം ഉത്തരവിറക്കിയത്. ഓണറേറിയം നിഷേധിച്ചത് പുനഃപരിശോധിക്കുക, പ്രീപ്രൈമറി ജീവനക്കാരുടെയും ആയമാരുടെയും ഓണറേറിയം വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
സംസ്ഥാനത്ത് 4800 എൽ.പി സ്കൂളുകളിൽ പ്രീ പ്രൈമറി സെക്‌ഷൻ ഉണ്ട്. അതിൽ 3000ത്തോളം പ്രീപ്രൈമറികളും 2012നു ശേഷം സ്ഥാപിച്ചതാണ്. ഇതിൽ 3000ത്തോളം അദ്ധ്യാപകരും ഹെൽപ്പർമാരും ഉണ്ട്. അവരൊക്കെ ശമ്പളമില്ലാതെ പണിയെടുക്കേണ്ട അവസ്ഥയിലായി. പി.ടി.എയാണ് ഇൗ അദ്ധ്യാപകർക്ക് ശമ്പളം നൽകുന്നത്. പൊതു വിദ്യാലയങ്ങളിൽ കുട്ടികളെ ആകർഷിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നവരാണ് പ്രീപ്രൈമറി അദ്ധ്യാപകർ. 2012ൽ തന്നെ പുതിയ പ്രീപ്രൈമറി വേണ്ടെന്ന് സർക്കാർ അറിയിച്ചിരുന്നതാണെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ മറുപടി. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ബഡ്ജറ്റിൽ ഇവർക്ക് 1000 രൂപ പ്രതിമാസം ഓണറേറിയം പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല. അതിനിടെയാണ് പുതിയ ഉത്തരവ്.
 നിലവിൽ ശമ്പളം (2012 വരെയുള്ളവർക്ക്)
അദ്ധ്യാപകർ - 10,500 രൂപ
ഹെൽപ്പർമാർ - 6, 500 രൂപ
പ്രീപ്രൈമറി ടീച്ചേഴ്സിന് ഓണറേറിയം പൂർണ്ണമായി കൊടുക്കേണ്ട എന്ന് തീരുമാനിച്ചിട്ടില്ല. 2012ന് മുമ്പുള്ളവർക്കെല്ലാം ഓണറേറിയം കൊടുത്തുകഴിഞ്ഞു. ബാക്കിയുള്ളവർക്ക് അടുത്ത ബഡ്ജറ്റിൽ തുക അനുവദിച്ചാൽ ഉറപ്പായും നൽകും. ആ സംഘടനയുടെ ഭാരവാഹിയായിരുന്ന ആളാണ് ഞാൻ. അവരുടെ വിഷമങ്ങൾ എനിക്ക് നന്നായി അറിയാം.
--വി. ശിവൻകുട്ടി, വിദ്യാഭ്യാസ മന്ത്രി