ff

തിരുവനന്തപുരം: ശാസ്താംപാറയിലെ നിർദ്ദിഷ്ട അഡ്വഞ്ചർ ടൂറിസം അക്കാഡമി തിരുവനന്തപുരം ജില്ലയിലെ ടൂറിസം വികസനത്തിന് മുതൽക്കൂട്ടാകും. സാഹസിക ടൂറിസം രംഗത്ത് വിദഗ്ദ്ധ പരിശീലനം നൽകുന്നതിനൊപ്പം പരിശീലന കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ സഞ്ചാരികൾക്ക് പ്രയോജനപ്പെടുത്താൻ കൂടി കഴിയുന്നതോടെ വിദേശികളുൾപ്പെടെ ധാരാളം പേരെ ശാസ്താംപാറയിലേക്ക് ആകർഷിക്കാനാകും. അഗസ്ത്യാർകൂടത്തിന്റെയും അറബിക്കടലിന്റെയും സൗന്ദര്യം ഒരുമിച്ചാസ്വദിക്കാൻ കഴിയുന്ന ഭൂപ്രകൃതിയാണ് ശാസ്താംപാറയെ ജില്ലയിലെ മറ്റ് ടൂറിസം കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

കൊല്ലം ജില്ലയിൽ ചടയമംഗലത്തിന് സമീപമുള്ള ജഡായു പാറയ്ക്ക് സമാനമായി തലസ്ഥാന ജില്ലയിൽ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമായി ശാസ്താംപാറയെ വികസിപ്പിക്കാനാകുമെന്നാണ് ടൂറിസം രംഗത്തെ വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ.

കൂടാതെ ടെന്റ് ക്യാമ്പിംഗ് ഒരുക്കാനും പദ്ധതിയുണ്ട്. അറബിക്കടലും പൊന്മുടിയും അഗസ്ത്യാർകൂടവും ഒരുമിച്ച് കാണാൻ സാധിക്കുന്ന ഒരേയിടം എന്ന പ്രത്യേകതയും ശാസ്താം പാറയ്ക്കുണ്ട്.

നിലവിൽ ഗ്രാമീണ വിനോദസഞ്ചാര കേന്ദ്രമായി സർക്കാർ അംഗീകരിച്ച ശാസ്താംപാറയിൽ ഒരുകോടി രൂപയുടെ വികസന പദ്ധതികൾ പൂർത്തിയാക്കിയിട്ടുണ്ട്.

13 ഏക്കർ ഭൂമിയാണ് പദ്ധതിക്കായി ശാസ്താംപാറയിൽ റവന്യൂവിഭാഗം കണ്ടെത്തിയിട്ടുള്ളത്. പദ്ധതിക്കായി ഭൂമി ടൂറിസം വകുപ്പിന് കൈമാറിക്കഴിഞ്ഞു.

പദ്ധതിയിൽ ഉൾപ്പെടുന്നത്

റോക്ക് ക്ലൈമ്പിംഗ്

ഹൈറോപ്പ് കോഴ്‌സ്

സിപ് ലൈൻ

സ്‌കൈ സൈക്ലിംഗ്

പെയ്ന്റ്‌ബോൾ

ഷൂട്ടിംഗ്

ആർച്ചറി

കൈറ്റ് ഫ്‌ളൈയിംഗ്

ശാസ്താംപാറ

തിരുവനന്തപുരം നഗരത്തിൽ നിന്ന് ഏകദേശം 14 കിലോമീറ്റർ അകലെയാണ് പ്രകൃതി മനോഹരമായ ശാസ്താംപാറ. സമുദ്ര നിരപ്പിൽ നിന്ന് ഏതാണ്ട് 1800 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാറക്കൂട്ടങ്ങൾ ചേർന്ന പ്രദേശമാണിത്. അറബിക്കടലിന്റെയും അഗസ്ത്യാർകൂടത്തിന്റെയും ദൃശ്യഭംഗി കൂടാതെ മനോഹരമായ അസ്തമയ കാഴ്ചയും ശാസ്താംപാറയുടെ പ്രത്യേകതയാണ്.

കൺകുളിർക്കേ കാണാം

ശാസ്താംപാറയിൽ നിന്നുള്ള തിരുവനന്തപുരം നഗരത്തിന്റെ 360 ഡിഗ്രിയിലുള്ള ദൃശ്യങ്ങളും പാറയ്ക്ക് മുകളിലുള്ള വറ്റാത്ത കുളവും ആകർഷണീയ ഘടകങ്ങളാണ്. മുൻപ് വനമേഖലയുടെ ഭാഗമായിരുന്ന ഈ പ്രദേശം രാജഭരണകാലത്ത് കള്ളിക്കാട് എന്ന പ്രദേശത്തോട് ചേർന്നാണ് അറിയപ്പെട്ടിരുന്നത്.

പോകാം

തിരുവനന്തപുരം നഗരത്തിൽ നിന്ന് പേയാട് - തച്ചോട്ടുകാവ് - മൂങ്ങോട് - മണലി വഴി ശാസ്താംപാറയിലെത്താം.