കാട്ടാക്കട: പൂവച്ചൽ പഞ്ചായത്തിലെ അരുവിക്കുഴിയിൽ ജനവാസ മേഖലയിൽ മദ്യഷാപ്പ് തുടങ്ങാൻ നീക്കം. പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തി. കള്ളിക്കാട് ജംഷന് സമീപത്തെ പെട്രോൾ പമ്പിനോട് ചേർന്ന സ്വകാര്യ വ്യക്തിയുടെ പണിപൂർത്തിയാകുന്ന കെട്ടിടത്തിലാണ് സംസ്ഥാന ബിവറേജ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റ് തുടങ്ങാൻ ശ്രമം നടക്കുന്നത്. ഔട്ട്‌ലെറ്റ് വരുമെന്നായതോടെ പ്രദേശവാസികൾ സംഘടിച്ച് ജനകീയ കൂട്ടായ്മ രൂപീകരിച്ച് ഔട്ട്‌ലെറ്റിനെതിരെ പ്രതിഷേധ സമരവുമായി രംഗത്തെത്തുമെന്ന് മുന്നറിയിപ്പുനൽകുകയും ചെയ്തു.

നിർമ്മാണം പൂർത്തിയാക്കി ഔട്ട്‌ലെറ്റ് തുടങ്ങാനുദ്ദേശിക്കുന്ന പ്രദേശം ജനവാസ മേഖലയാണ്. ഇതിനോട് ചേർന്ന് മുപ്പതോളം കുടുംബങ്ങളാണ് താമസിക്കുന്നത്. മാത്രമല്ല വാഹനത്തിരക്കുള്ള കാട്ടാക്കട-നെയ്യാർഡാം റോഡിൽ ഈ പ്രദേശത്ത് അപകട സാദ്ധ്യതയും കൂടുതലാകും. അതുപോലെ കാട്ടാക്കട-നെയ്യാർഡാം പൊലീസ് സ്റ്റേഷന്റെ അതിർത്തി പ്രദേശം കൂടിയാണ് അരുവിക്കുഴി പ്രദേശം. ഇക്കാരണത്താൽ പലപ്പോഴും വിവിധ ആവശ്യങ്ങൾക്കായി പൊലീസിനെ ബന്ധപ്പെട്ടാൽപ്പോലും ഇരു സ്റ്റേഷനുകളും തങ്ങളുടെ അതിർത്തിയല്ലെന്ന് പറഞ്ഞ് കയ്യൊഴിയുകയും ചെയ്യും. ഇത് പ്രദേശവാസികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നുണ്ട്.

സമാധാന അന്തരീക്ഷത്തിൽ കഴിയുന്ന ഈ പ്രദേശത്ത് ഔട്ട്‌ലെറ്റ് വരുന്നതോടെ പ്രദേശവാസികളുടെ സ്വൈരജീവിതത്തിന് ഭീഷണിയുണ്ടാകുമെന്നും ജനവാസ മേഖലയല്ലാത്ത പ്രദേശത്ത് സ്ഥാപിക്കാൻ നടപടിയുണ്ടാക്കണമെന്നും പ്രദേശവാസികളുടെ ജനകീയ കൂട്ടായ്മ മുഖ്യമന്ത്രി, എക്സൈസ് വകുപ്പ് മന്ത്രി, ബിവറേജ് കോർപ്പറേഷൻ എം.ഡി, ഡി.ജി.പി, പൂവച്ചൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഉൾപ്പടെയുള്ളവർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.