വിതുര: എൽ.ഡി.എഫ് ഭരിക്കുന്ന വിതുര പഞ്ചായത്തിൽ യു.ഡി.എഫ് അംഗത്തിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് കമ്മിറ്റിയോഗം ചേർന്നു. ഇന്നലെ രാവിലെ 11നാണ് പ്രസിഡന്റ് പഞ്ചായത്ത് കമ്മിറ്റിയോഗം വിളിച്ചിരുന്നത്. പത്തരയോടെ യോഗത്തിൽ പങ്കെടുക്കാൻ ഭരണ, പ്രതിപക്ഷാംഗങ്ങൾ എത്തുകയും ഹാജർ രേഖപ്പെടുത്തുകയും ചെയ്തു. പഞ്ചായത്ത് സെക്രട്ടറിയും എത്തി. എന്നാൽ ഒരു മണിക്കൂർ കഴിഞ്ഞിട്ടും പ്രസിഡന്റ് വി.എസ്. ബാബുരാജ് യോഗത്തിന് എത്തിയില്ല. ഇതോടെ വൈസ് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേരണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. ഇതിനിടെ യോഗം മാറ്റിവച്ചതായി പ്രസിഡന്റ് ഫോണിലൂടെ അറിയിച്ചെങ്കിലും കമ്മിറ്റി കൂടണമെന്ന് പ്രതിപക്ഷം ശക്തമായി വാദിച്ചു. തുടർന്ന് സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ പഞ്ചായത്ത് കമ്മിറ്റിയോഗം ആരംഭിച്ചപ്പോൾ ഭരണപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയി. യോഗത്തിൽ പ്രതിപക്ഷനേതാവ് മേമല വിജയൻ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് കമ്മിറ്റി പുരോഗമിക്കവേ പ്രസിഡന്റ് എത്തുകയും യോഗം മറ്റൊരുദിവസത്തേക്ക് മാറ്റിവച്ചതായി അറിയിച്ചശേഷം മടങ്ങുകയും ചെയ്തു. പഞ്ചായത്തിൽ രണ്ടുപേരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന്റെ ഭാഗമായി സി.പി.ഐയുമായുള്ള അഭിപ്രായവ്യത്യാസം കാരണമാണ് ഇന്നലെ കമ്മിറ്റി കൂടാത്തതെന്നാണ് പറയപ്പെടുന്നത്. പഞ്ചായത്ത് കമ്മിറ്റി അസൗകര്യങ്ങൾ മൂലമാണ് കൂടാൻ കഴിയാത്തതെന്നും സി.പി.ഐയുമായി യാതൊരു അഭിപ്രായ വ്യത്യാസവുമില്ലെന്നും പ്രസിഡന്റ് വി.എസ്. ബാബുരാജ് അറിയിച്ചു. എന്നാൽ സി.പി.ഐയും,സി.പി.എമ്മുമായുള്ള തമ്മിലടി മൂലമാണ് കമ്മിറ്റി നടക്കാത്തതെന്നും, പഞ്ചായത്ത് ഭരണസമിതി വൻ പരാജയമാണെന്നും ഇതിനെതിരെ കോൺഗ്രസ് വിതുര, ആനപ്പാറ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ശക്തമായ സമരപരിപാടികൾ നടത്തുമെന്നും വിതുര മണ്ഡലം പ്രസിഡന്റ് ജി.ഡി. ഷിബുരാജ് പറഞ്ഞു. പഞ്ചായത്തിൽ വികസനപ്രവർത്തനങ്ങൾ സ്തംഭിച്ചിരിക്കുകയാണെന്നും ഇതിനെതിരെ പഞ്ചായത്ത് പടിക്കൽ ധർണ ഉൾപ്പെടെയുള്ള സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് മാൻകുന്നിൽ പ്രകാശ് അറിയിച്ചു.