പാലോട്: മയക്കുമരുന്ന് മാഫിയയുടെ ചൂഷണത്തിനിരയായി ആദിവാസി പെൺകുട്ടികൾക്കിടയിൽ ആത്മഹത്യ വർദ്ധിച്ചുവരുന്നത് കേന്ദ്രസർക്കാർ ഗൗരവത്തോടെ കാണണമെന്ന് അടൂർ പ്രകാശ് എം.പി ലോക് സഭയിൽ ഉന്നയിച്ച സബ്‌മിഷനിൽ ആവശ്യപ്പെട്ടു.

തിരുവനന്തപുരം ജില്ലയിൽ വിതുര, പെരിങ്ങമല ആദിവാസി കോളനികളിൽ അഞ്ച് പെൺകുട്ടികളാണ് കഴിഞ്ഞ അഞ്ചുമാസത്തിനിടയിൽ ആത്മഹത്യ ചെയ്തത്. ആദിവാസി കോളനികൾ ഇത്തരം മാഫിയയുടെ പിടിയിലാവുന്നത് അങ്ങേയറ്റം ആശങ്കയോടെ കാണണം.

മയക്കുമരുന്ന് മാഫിയയെ നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചയും പൊലീസിന്റെ അനാസ്ഥയും ഇത്തരം സംഘങ്ങൾക്ക് വളരാൻ സാഹചര്യം ഒരുക്കുന്നു. ട്രൈബൽ മേഖലയിൽ ആദിവാസികൾക്കു ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഒന്നുംതന്നെ ലഭിക്കുന്നില്ല. ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ കോളനികൾ സന്ദർശിക്കുകയോ വേണ്ട നടപടികൾ സ്വീകരിക്കുകയോ ചെയ്യുന്നില്ല. ആദിവാസികൾക്ക് അപകടമോ അസുഖമോ ഉണ്ടാവുമ്പോൾ ലഭിക്കേണ്ട സഹായം പോലും ലഭ്യമാവുന്നില്ല. പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇതു സംബന്ധിച്ച് ഒരു റിപ്പോർട്ട്‌ സംസ്ഥാന സർക്കാരിൽ നിന്ന് തേടണമെന്ന് അടൂർ പ്രകാശ് ആവശ്യപ്പെട്ടു.