തിരുവനന്തപുരം: റിട്ട.ഇന്റലിജൻസ് എസ്.പി കരമന തളിയൽ നൃത്യയിൽ ജി.ഗോപകുമാർ ഐ.പി.സ് (82) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെയാണ് അന്ത്യം.രാഷ്ട്രപതിയുടെ പൊലീസ് മെഡലുൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ ജി.ഗോപകുമാർ 1997ലാണ് വിരമിച്ചത്.
ശബരിമല അയ്യപ്പന്റെ പ്രശസ്തി ആഗോളതലത്തിൽ എത്തിക്കുവാനും അയ്യപ്പക്ഷേത്രങ്ങൾ നിർമ്മിക്കുന്നതിനും മുന്നിൽ നിന്ന വിമോചാനന്ദ സ്വാമികളുടെയും റിട്ട.എം.ജി കോളേജ് പ്രൊഫസർ പരേതയായ കാർത്ത്യായനിയമ്മയുടെയും മകനാണ്.
1923-ൽ കോന്നകത്ത് ജാനകി അമ്മ എന്ന അയ്യപ്പഭക്ത എഴുതിയ 'ഹരിവരാസനം വിശ്വമോഹനം' എന്ന മഹത് കീർത്തനം ശബരിമലയിൽ 1949 -50 കാലഘട്ടത്തിൽ അയ്യപ്പന്റെ ഉറക്കുപാട്ടായി വേണമെന്ന് നിർദ്ദേശിച്ച് നടപ്പിലാക്കിയത് വിമോചാനന്ദ സ്വാമികൾ ആയിരുന്നു.
1953ൽ എസ്.ഐയായി സർവീസിൽ പ്രവേശിച്ച ജി.ഗോപകുമാർ 1973ൽ സി.ഐയായി സ്ഥാനക്കയറ്റം ലഭിച്ച് ക്രൈംബ്രാഞ്ചിലെത്തി. 1983ൽ ശബരിമലയിലുണ്ടായ തീപിടിത്തം നിയന്ത്രിക്കുന്നതിൽ പ്രശംസനീയമായ സേവനമാണ് ഗോപകുമാർ കാഴ്ചവച്ചത്. ഏറ്റുമാനൂർ, പട്ടാഴി ക്ഷേത്രകവർച്ചകൾ അന്വേഷിച്ച് തെളിയിച്ചു. സേവനമികവും അന്വേഷണ പാടവവും 1996ലെ രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അർഹനാക്കി. 40 ലധികം ഗുഡ്സ് സർവീസ് എൻട്രികളും നേടിയിട്ടുണ്ട്. നേമം ജി.എച്ച്.എസ്.എസിലെ റിട്ട. അദ്ധ്യാപിക പത്മജാദേവിയാണ് ഭാര്യ. 1993-94 കാലഘട്ടത്തിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാതിലകമായ ഡോ. കാർത്തികഗോപൻ (എസ്.യു.ടി മെഡിക്കൽ കോളേജ്, വട്ടപ്പാറ), 1994ൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാതിലകമായ ഡോ. കൽപ്പന ഗോപൻ(സുശ്രുത മെഡിക്കൽ സെന്റർ, പോത്തൻകോട് ) എന്നിവർ മക്കളും ഡോ.പ്രേംലാൽ(മെഡിക്കൽകോളേജ്, കോട്ടയം), ഡോ. ശിവപ്രസാദ് (മെഡിക്കൽ കോളേജ്, തിരുവനന്തപുരം) എന്നിവർ മരുമക്കളുമാണ്. സംസ്കാരം ഔദ്യോഗികബഹുമതികളോടെ ശാന്തികവാടത്തിൽ നടന്നു.