
₹കെ.സുധാകരനും വി.ഡി.സതീശനും ഡൽഹിയിൽ
തിരുവനന്തപുരം: കെ.പി.സി.സി സെക്രട്ടറിമാർ, ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ എന്നിവരുടെ പുതിയ പട്ടിക ഒരുമിച്ച് വരാൻ സാദ്ധ്യതയേറി. കെ.പി.സി.സി സെക്രട്ടറിമാരുടെ കാര്യത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഡൽഹിയിൽ ഹൈക്കമാൻഡുമായി ചർച്ചയിലാണ്.
തിരുവനന്തപുരത്ത് രണ്ടാഴ്ചയോളം ചികിത്സയിലായിരിക്കെ മുതിർന്ന നേതാക്കളടക്കം നൽകിയ പേരുകൾ പരിശോധിച്ചും പ്രതിപക്ഷനേതാവുമായും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരുമായും സംസാരിച്ചും കെ.പി.സി.സി സെക്രട്ടറിമാരുടെ സാദ്ധ്യതാ കരട് പട്ടിക തയാറാക്കിയാണ് കെ. സുധാകരൻ ഡൽഹിക്ക് പോയത്. പരമാവധി 40 പേരാകും കെ.പി.സി.സി സെക്രട്ടറിമാർ. ഇതിനായി ഇരുന്നൂറോളം പേരുകളാണ് ഉയർന്നുവന്നിട്ടുള്ളത്. കഴിഞ്ഞ ദിവസം കെ.പി.സി.സി പ്രസിഡന്റും വർക്കിംഗ് പ്രസിഡന്റുമാരും ജനറൽസെക്രട്ടറിമാരും ഡി.സി.സി പ്രസിഡന്റുമാരും ഓൺലൈനായി യോഗം ചേർന്ന് പുന:സംഘടനാ കാര്യങ്ങൾ ചർച്ച ചെയ്തു.
ജില്ലകളിൽ ഡി.സി.സി നേതൃത്വവുമായും മറ്റ് മുതിർന്ന നേതാക്കളുമായും ചർച്ച നടത്തി ഡി.സി.സി ഭാരവാഹികളുടെ സാദ്ധ്യതാ പാനൽ തയാറാക്കാൻ ജില്ലകളുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽസെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയിരുന്നു. ജനുവരി അവസാനത്തോടെ ചർച്ചകൾ പൂർത്തിയാക്കി പട്ടികയുമായെത്താനായിരുന്നു നിർദ്ദേശമെങ്കിലും, ചർച്ച പൂർത്തിയാക്കാനായിട്ടില്ല. എ, ഐ ഗ്രൂപ്പ് നേതൃത്വങ്ങൾ പേരുകൾ കൈമാറാത്തതാണ് തടസ്സമെന്നാണ് കെ.പി.സി.സി ജനറൽ സെക്രട്ടറിമാർ അറിയിച്ചിരിക്കുന്നത്. ഗ്രൂപ്പിന് എത്ര പേരെ ലഭിക്കുമെന്ന് വ്യക്തമാക്കിയാലേ പേരുകൾ നൽകാനാവൂ എന്ന നിലപാടിലാണ് എ, ഐ ഗ്രൂപ്പുകൾ. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും ഇതിനോട് യോജിക്കുന്നില്ല. നേരത്തേ കെ.പി.സി.സി ജനറൽ സെക്രട്ടറിമാരുടെയും ഡി.സി.സി പ്രസിഡന്റുമാരുടെയും നിയമനക്കാര്യത്തിൽ ഗ്രൂപ്പുകൾ കൈമാറിയ പേരുകളിൽ പലതും പരിഗണിക്കപ്പെടാത്തതിനാലാണ് ഗ്രൂപ്പുകൾ ഇപ്പോൾ ഇത്തരമൊരു നിലപാടെടുത്തത് എന്നാണറിയുന്നത്.
സാദ്ധ്യതാപാനൽ വൈകുന്നതിൽ കഴിഞ്ഞ ദിവസത്തെ ഓൺലൈൻ യോഗത്തിൽ അതൃപ്തി അറിയിച്ച കെ. സുധാകരൻ, അഞ്ചിനകം നിർബന്ധമായും പട്ടിക കൈമാറണമെന്ന് അന്ത്യശാസനം നൽകി. ഡൽഹിയിൽ നിന്ന് പ്രസിഡന്റ് തിരിച്ചെത്തിയാലുടൻ ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് നീക്കം. കെ.പി.സി.സി സെക്രട്ടറിമാരുടെ പട്ടിക അതിനൊപ്പമോ അതിന് തൊട്ടുമുമ്പോ ഡൽഹിയിൽ നിന്ന് പ്രഖ്യാപിക്കും. ചെറിയ ജില്ലകളായ ഇടുക്കി, വയനാട്, കാസർകോട് ഒഴിച്ചെല്ലായിടത്തും 51 ഭാരവാഹികൾ വീതമുണ്ടാകും.