satheeshan

ന്യൂഡൽഹി: കെ -റെയിൽ പദ്ധതിക്ക് ഇപ്പോഴത്തെ നിലയിൽ അനുമതി നൽകാനാകില്ലെന്ന കേന്ദ്ര സർക്കാരിന്റെ നിലപാട് തങ്ങളുടെ ആശങ്ക ശരി വയ്ക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

കേരളം പോലുള്ള പരിസ്ഥിതി ദുർബല പ്രദേശത്ത് ശാസ്ത്രീയ പഠനം നടത്താതെ ഇത്തരമൊരു പദ്ധതി പ്രായോഗികമല്ല. സംസ്ഥാന സർക്കാരിന് സ്ഥലമേറ്റെടുക്കാൻ മാത്രമാണ് താത്പര്യം. സ്ഥലം വിൽപന നടത്തി, വായ്പ ശരിയാക്കാനും അതിന്റെ പേരിൽ അഴിമതി നടത്താനുമാണ് നീക്കം. പദ്ധതിയുടെ പേരിലുള്ള അനാവശ്യ ധൃതിയുടെ കാരണമിതാണ്.

മതിയായ വിവരങ്ങൾ ശേഖരിക്കാതെയാണ് സാമൂഹികാഘാത പഠനം നടത്തുന്നത്. പ്രാഥമിക തയ്യാറെടുപ്പുകളില്ലെന്ന് കേന്ദ്ര സർക്കാരും ചൂണ്ടിക്കാട്ടുന്നു. പദ്ധതി സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങളിൽ കേന്ദ്രവും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. പദ്ധതി എന്താണെന്നറിയാതെ എങ്ങനെയാണ് കേന്ദ്രത്തിന് അനുമതി നൽകാനാകുക. സംസ്ഥാന സർക്കാർ ഡാറ്റാ ക്രമക്കേടാണ് നടത്തിയത്. പദ്ധതി ഉപേക്ഷിച്ച് കേരളത്തിൽ വന്ദേഭാരത് ട്രെയിനുകൾ ഒാടിക്കണം. ശശിതരൂർ വിഷയം പഠിക്കാതെയാണ് അഭിപ്രായം പറഞ്ഞതെന്ന് പാർട്ടിയെ ബോദ്ധ്യപ്പെടുത്തി. . തരൂരിനോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും സതീശൻ പറഞ്ഞു..